ക്യാപ്റ്റന്‍ പീഡിപ്പിച്ചെന്ന് സഹപൈലറ്റ്

സിയാറ്റിന്‍ : ലൈംഗിക പീഡനം നടത്തിയ ക്യാപ്റ്റനെ വിമാനക്കമ്പനി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരിയായ സഹ പൈലറ്റ് രംഗത്ത്. ബെറ്റിയെന്ന യുവതിയാണ് അലാസ്‌ക വിമാനക്കമ്പനിക്കെതിരെയും പ്രസ്തുത പൈലറ്റിനെതിരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കന്‍ കമ്പനിയെ പ്രതിചേര്‍ത്ത് ബെറ്റി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബെറ്റി സൈന്യത്തില്‍ നിന്ന് പിരിഞ്ഞ ശേഷമാണ് വിമാനക്കമ്പനിയില്‍ ചേര്‍ന്നത്. ജൂണ്‍ നാലിനാണ് പരാതിക്കാധാരമായ സംഭവം. 39 കാരി മൂന്ന് ദിവസത്തെ യാത്രയുടെ ഭാഗമായാണ് ക്യാപ്റ്റനൊപ്പം പോയത്.

എന്നാല്‍ യാത്ര പുറപ്പെടുംമുന്‍പ് ഹോട്ടലില്‍ വെച്ച് വൈനില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തളര്‍ന്നുകിടന്ന ബെറ്റിയെയും താങ്ങി ഇയാള്‍ റൂമിലേക്ക് പോകുന്നത് മറ്റൊരു ജീവനക്കാരി കണ്ടിരുന്നു.

കൂടാതെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലും പീഡനത്തിന്റെ സൂചനകളുണ്ട്. ഇത്തരത്തില്‍ മൊഴികളും തെളിവുകളുമടക്കം വിമാനക്കമ്പനിക്കും മനുഷ്യവിഭവശേഷി മന്ത്രാലയത്തിനും യുവതി പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതോടെ ബെറ്റി ശമ്പളത്തോടെയുള്ള അവധിയില്‍ പ്രവേശിച്ചു.

യാത്ര തുടങ്ങുന്നതിന് 10 മണിക്കൂര്‍ മുന്‍പ് മദ്യപിക്കാന്‍ പാടില്ലെന്നാണ് അലാസ്‌ക എയര്‍ലൈന്‍സിന്റെ നയം. ഇത് ക്യാപ്റ്റനും ബെറ്റിയും ലംഘിച്ചോയെന്നാണ് കമ്പനി അന്വേഷിച്ചതെന്ന് ബെറ്റി പറയുന്നു.

എന്നാല്‍ ആരോപണ വിധേയനായ ക്യാപ്റ്റന്‍ ഇപ്പോഴും അലാസ്‌കയില്‍ തുടരുകയാണ്. നീതി നിഷേധിക്കുകയാണ് കമ്പനിയെന്നും താനും മീ ടൂ ക്യാമ്പയിനിന്റെ ഭാഗമാവുകയാണെന്നും ബെറ്റി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here