ത്രിരാഷ്ട്ര ട്വന്റി 20: ഇന്ത്യക്ക് തോല്‍വിത്തുടക്കം

കൊളംബോ : 49 പന്തില്‍ 90 റണ്‍സുമായി നിറഞ്ഞാടിയ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പാഴായി. ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയോട് തോറ്റു. ലങ്ക 5 വിക്കറ്റിനാണ് ഇന്ത്യയെ തറപറ്റിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 9 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് 37 പന്തില്‍ 66 റണ്‍സടിച്ച കുശാല്‍ പെരേരയാണ് ലങ്കയുടെ വിജയശില്‍പ്പി.

6 ബൗണ്ടറിയും 4 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കുശാലിന്റെ ഇന്നിംഗ്‌സ്. ലങ്കന്‍ നിരയില്‍ തിസാര പെരേര 22 ഉം ഗുണതിലക 19 ഉം ഉപുല്‍ തരംഗ 17 ഉം ദിനേഷ് ചണ്ഡിമല്‍ 14 ഉം ഷാനക 15 ഉം റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി സുന്ദറും ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് 175 എന്ന സ്‌കോര്‍ സമ്മാനിച്ചത്.

കന്നി ട്വന്റി ട്വന്റി സെഞ്ച്വറി ധവാന് 10 റണ്‍സകലെ നഷ്ടമാവുകയായിരുന്നു. 6 വീതം ബൗണ്ടറിയും സിക്‌സും സഹിതമാണ് ധവാന്‍ 90 റണ്‍സെടുത്തത്. മനീഷ് പാണ്ഡെ 37 ഉം റിഷഭ് പന്ത് 23 ഉം ദിനേഷ് കാര്‍ത്തിക് 13 ഉം റണ്‍സെടുത്തു.

രോഹിത് ശര്‍മ സംപൂജ്യനായപ്പോള്‍ സുരേഷ് റെയ്‌ന ഒരു റണ്ണോടെയും പുറത്തായി. ഈ തകര്‍ച്ചയില്‍ നിന്ന് ധവാന്‍ പാണ്ഡെയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. വ്യാഴാഴ്ച ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here