ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തൂത്തുവാരി

കൊച്ചി: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ പതിമൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20956 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു.

67303 വോട്ടുകളാണ് സജി ചെറിയാന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ 46347 വോട്ടുകള്‍ നേടി. 35270 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള നേടിയത്. കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നേടിയത്. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് വീഴ്ച പറ്റി. താഴേത്തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും തോല്‍വി സമ്മതിച്ച് വിജയകുമാര്‍ പറഞ്ഞു.

ഡി. വിജയകുമാര്‍

അതേസമയം കോണ്‍ഗ്രസ് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ള ആരോപിച്ചു. മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ് – എല്‍ഡിഎഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

പി.എസ്. ശ്രീധരന്‍പിള്ള

181 ബൂത്തകളാണ് ആകെയുള്ളത്. ആദ്യ ഫല സൂചനകള്‍ ലഭ്യമായപ്പോള്‍ തന്നെ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം തുടങ്ങിയിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാര്‍ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതില്‍ എല്‍ഡിഎഫ് ലീഡ് നേടിയതോടെ യുഡിഎഫിന്റെ കാലിടറിയിരുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടന്നത്. പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളായി. മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങിയതാണ് ഓരോ മേശയും.

1991 മുതല്‍ തുടര്‍ച്ചയായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലം 2016ല്‍ സിപിഎമ്മിലെ കെ. കെ രാമചന്ദ്രന്‍ നായര്‍ പിടിച്ചെടുക്കുകയായിരുന്നു. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പഞ്ചായത്ത് തിരിച്ചുള്ള ലീഡ്
മാന്നാര്‍                                        LDF 2629
പാണ്ടനാട്                                    LDF 548
തിരുവന്‍വണ്ടൂര്‍                          LDF 10
ചെങ്ങന്നൂര്‍ (മുനിസിപ്പാലിറ്റി)      LDF 753
മുളക്കുഴ                                      LDF 3637
ആല                                            LDF 866
പുലിയൂര്‍                                    LDF 637
ബുധനൂര്‍                                     LDF 2646
ചെന്നിത്തല                                 LDF 2353
ചെറിയാനാട്                               LDF 2485
വെണ്മണി                                    LDF 3203

ഫലം 2016
കെ.കെ.രാമചന്ദ്രന്‍ നായര്‍         LDF      ഭൂരിപക്ഷം 7983          ലഭിച്ച വോട്ട് 52880
പി.സി.വിഷ്ണുനാഥ്                 UDF                                         ലഭിച്ച വോട്ട് 44897
പി.എസ്.ശ്രീധരന്‍പിളള            NDA                                         ലഭിച്ച വോട്ട് 42682

LEAVE A REPLY

Please enter your comment!
Please enter your name here