ലിഗ കേസ് : അറസ്റ്റ് ഇന്നുണ്ടാകും

തിരുവനന്തപുരം : ലിഗയുടെ കൊലപാതകം പീഡനശ്രമത്തിനിടെയാണെന്ന് പ്രതികള്‍ സമ്മതിച്ചതായി വിവരം. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന.

ബോട്ടിങ്ങിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയതെന്ന് ഉദയന്‍ വെളിപ്പെടുത്തി. യുവതി രണ്ടുനാള്‍ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നും ഇരുവരും മൊഴി നല്‍കി.

കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. ലിഗയ്ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഇത് സ്ഥിരീകരിക്കുന്ന കുറ്റസമ്മത മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് നല്‍കി ലിഗയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും വീണ്ടും ബന്ധപ്പടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നുമാണ്‌ മൊഴി.

തുടര്‍ന്ന് ബലപ്രയോഗമുണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ശാരീരിക ബന്ധമോ ബലാത്സംഗമോ നടന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

തെളിവുകള്‍ക്കായി വാഴമുട്ടം പ്രദേശത്ത് ദിവസങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയിരുന്നു. ലിഗയെ കണ്ടില്ലെന്നായിരുന്നു ഇവരുടെ ആദ്യ മൊഴി. തുടര്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ മൃതദേഹം കണ്ടുവെന്ന് തിരുത്തി. പിന്നീടാണ് കുറ്റം സമ്മതിച്ചത്.

ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ ഉമേഷ് കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ചെങ്കിലും ഉദയന്റെ വെളിപ്പെടുത്തലുകളാണ് നിര്‍ണ്ണായകമായത്. ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടാകും.

ലിഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് വ്യാഴാഴ്ച പൊലീസിന് ലഭിച്ചേക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് മുടിയുള്‍പ്പെടെ ശേഖരിച്ചിരുന്നു.

ഇതിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും കിട്ടാനുണ്ട്.കേസില്‍ ഇവ നിര്‍ണ്ണായകമാണ്. അതേസമയം ലിഗയുടെ സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here