10 കോടി ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി

തായ്‌ലന്‍ഡ് : 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി. തായ്‌ലന്‍ഡിലാണ് നടുക്കുന്ന സംഭവം. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു.

സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും വിളിച്ചുകൂട്ടി സല്‍ക്കാരം നടത്തുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ലോട്ടറിയടിച്ചെന്ന് അറിയിച്ച് ആളുകളെ വിളിച്ചുകൂട്ടി ഗംഭീര വിരുന്ന് നല്‍കിയശേഷം ടിക്കറ്റ് നഷ്ടപ്പെട്ട് പോയതിലുള്ള മാനഹാനിയെ തുടര്‍ന്നാണ് ഇയാള്‍ ആത്മാഹുതി നടത്തിയത്. 1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്.

ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 10,28,24000 വരും. 42 കാരനായ ജിരാവത്, ചോന്‍ബുരി പ്രവിശ്യാ നിവാസിയാണ്. ഉയര്‍ന്നതുക ലഭിക്കാനായി ഒരേ നമ്പറിലുള്ള 7 തരം ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്.

ഇതിലൊന്നിനാണ് 10 കോടിയടിച്ചത്. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് ഇയാള്‍ രേഖകള്‍ നോക്കി ഉറപ്പിക്കുകയും ചെയ്തു. ഈ വിവരം ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ആഘോഷമെന്ന നിലയില്‍ പാര്‍ട്ടിയും സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍ പിറ്റേന്ന്, അതായത് ജനുവരി 31 ന് രാവിലെ ഇയാള്‍ പരിശോധിച്ചപ്പോള്‍ ടിക്കറ്റുകള്‍ കാണാനില്ലായിരുന്നു. വീട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ടിക്കറ്റ് കിട്ടിയില്ല.

ടിക്കറ്റ് മോഷ്ടിക്കപ്പെട്ടതാകാമെന്ന് ഇയാള്‍ തിരിച്ചറിഞ്ഞു. പക്ഷേ ഈ സംഭവത്തോടെ ഇയാള്‍ കടുത്ത വിഷാദത്തിന് അടിമപ്പെട്ടു. ഇതോടെ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ കുടുംബത്തെ ആരും പരിഹസിക്കരുതെന്നും തനിക്ക് തന്നെയാണ് സമ്മാനമെന്നും ലോട്ടറി നഷ്ടപ്പെട്ടുപോയതാണെന്നും ഇദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here