‘ആണ്‍മക്കളെ ഉത്തരവാദിത്വത്തോടെ വളര്‍ത്തണം’

മാണ്ട്‌ല: രാജ്യ ജനത പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ വളര്‍ത്തുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റ ദൃഷ്ടാന്തമാണ്.

കുറ്റകൃത്യങ്ങള്‍ തടയാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശ്, മാണ്ട്‌ല ജില്ലയിലെ റാംനഗറില്‍ ദേശീയ പഞ്ചായത്തീരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഏവരും ഒന്നിക്കണം. ഈ ലക്ഷ്യത്തിനായി സാമൂഹിക മുന്നേറ്റമുണ്ടാകണം. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷ നല്‍കണമെന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മുന്നോട്ടുവെച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ നിര്‍ദേശത്തെ ഏവരും സ്വാഗതം ചെയ്യുകയായിരുന്നു. ജനാഭിപ്രായത്തിന് അംഗീകാരം നല്‍കി നടപ്പാക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഏപ്രില്‍ 12 നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. കത്വ, ഉന്നാവ സംഭവങ്ങളെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന് നിര്‍ബന്ധിതമായത്.

LEAVE A REPLY

Please enter your comment!
Please enter your name here