യുവാവ് അയല്‍ക്കാരിയെ കൊലപ്പെടുത്തി

ചെന്നൈ :ഭാര്യക്ക് ആഭരണം വാങ്ങാനായി മലയാളി യുവാവ് അയല്‍വീട്ടിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ചെന്നൈയിലെ വീരപാണ്ടി നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ പുതുക്കോട്ടെ സ്വദേശിനി 19 വയസ്സുകാരി വേള്‍വിളിയാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ ഹോം നേഴ്‌സായി ജോലി ചെയ്യുന്ന വേള്‍വിളി മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് കൊലപാതകം നടന്ന വീട്ടില്‍ താമസിച്ച് വന്നിരുന്നത്.

അയല്‍ക്കാരനായ പാലക്കാട് സ്വദേശി അജിത്ത് കുമാറാണ് ഭാര്യക്ക് ആഭരണങ്ങള്‍ വാങ്ങിച്ചു നല്‍കുവാനായി വേള്‍വിളിയെ കൊലപ്പെടുത്തിയത്. ഭാര്യയുടെ ജന്മ ദിനത്തില്‍ സമ്മാനമായി നല്‍കുവാനായിരുന്നു ആഭരണങ്ങള്‍. ഫെയ്‌സ്ബുക്ക് വഴിയായിരുന്നു അജിത്ത് മഹാലക്ഷ്മിയെ ആദ്യം പരിചയപ്പെടുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു നേഴ്‌സായ മഹാലക്ഷ്മിയുമായുള്ള വിവാഹം.

എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം അജിത്ത് കുമാര്‍ തൊഴില്‍ രഹിതനാണെന്ന് മഹാലക്ഷ്മി മനസ്സിലാക്കി. ഇതിനെ തുടര്‍ന്നാണ് ഭാര്യയെ സന്തോഷിപ്പിക്കാന്‍ ജന്മദിനത്തില്‍ ആഭരണങ്ങള്‍ വാങ്ങിച്ച് കൊടുക്കാന്‍ അജിത്ത് തീരുമാനിച്ചത്. ഇതിനായി പണം കടം ചോദിക്കുവാനായി ഈ പെണ്‍കുട്ടികള്‍ താമസിക്കുന്ന അയല്‍ വീട്ടില്‍
യുവാവ് ചെന്നു.

എന്നാല്‍ പെണ്‍കുട്ടികള്‍ യുവാവിനെ പണം നല്‍കാതെ മടക്കി അയച്ചു. ഇതിനെ തുടര്‍ന്ന് വേള്‍വിളി വീട്ടില്‍ തനിച്ചായ സമയം അതിക്രമിച്ച് കയറിയ അജിത്ത് കുമാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും സ്വര്‍ണ്ണ വളയും മാലയും കൈക്കലാക്കുകയുമായിരുന്നു. ശേഷം ഉപേക്ഷിച്ച് കിടക്കുന്ന വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം നിക്ഷേപിച്ചു.

വേള്‍വിളിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ജന്മദിനത്തിന് ആഭരണങ്ങള്‍ വാങ്ങിച്ച് കൊടുക്കാന്‍ അജിത്തിന് പണം എവിടെ നിന്നു ലഭിച്ചുവെന്നതാണ് പൊലീസിന് കേസില്‍ തുമ്പായത്. മഹാലക്ഷ്മി യുവാവിന്റെ നീക്കങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here