മലയാളി യുവാവ് ഖത്തറില്‍ അറസ്റ്റില്‍

കാസര്‍കോട് : കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ച് മലയാളി യുവാവിനെ ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി നിഷാദ് ആണ് ഖത്തര്‍ ജയിലിലായത്. 26 കാരനായ നിഷാദിന്റെ ബന്ധു ഉളിയത്തടുക്ക സ്വദേശി ഫൈസലാണ് ഇയാളുടെ പക്കല്‍ കഞ്ചാവ് പൊതി നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

നിഷാദ് വിസിറ്റിങ് വിസയിലാണ് ഖത്തറിലേക്ക് പോയത്. സിഗരറ്റും വിലപിടിപ്പുള്ള പൂക്കളുമാണെന്നും പറഞ്ഞ് ഫൈസല്‍ നിഷാദിന്റെ പക്കല്‍ ഒരു പൊതി കൊടുത്തുവിട്ടിരുന്നു. ഖത്തറില്‍ എത്തുമ്പോള്‍ സുഹൃത്തുക്കള്‍ വാങ്ങിക്കോളുമെന്നും പറഞ്ഞു.

എന്നാല്‍ ഖത്തറിലെ പരിശോധനയില്‍ പൊതിക്കുള്ളിലേത് കഞ്ചാവാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് നിഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞില്ല. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ നിഷാദ് സുഖമായി ഖത്തറില്‍ എത്തിയിട്ടുണ്ടെന്നാണ് ഫൈസല്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പോയി നാളുകളായിട്ടും മകന്‍ വിളിക്കാത്തതിനെ തുടര്‍ന്ന് ഖത്തറിലുള്ള ഒരു മലയാളിയെ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് മകന്‍ ജയിലിലാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.

 

പിന്നാലെ ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വിളിച്ച്, നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. മകന്‍, ഫൈസലിന്റ ചതിയില്‍പ്പെട്ടതാണെന്ന് നിഷാദിന്റെ പിതാവ് അബൂബക്കര്‍ പറയുന്നു.

30 വര്‍ഷം ഗള്‍ഫിലായിരുന്ന അബൂബക്കര്‍ നാട്ടിലേക്ക് മടങ്ങി ഓട്ടോയോടിക്കുകയാണ്. ഖത്തറില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ളതിനാല്‍ വിസിറ്റിങ് വിസയില്‍ പോയി ജോലി സമ്പാദിക്കുകയായിരുന്നു നിഷാദിന്റെ ലക്ഷ്യം. ബംഗളൂരുവിലെ ഫാന്‍സി കട തല്‍ക്കാലം അടച്ചാണ് യാത്രതിരിച്ചത്. അപ്പോഴാണ് ചതിയില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here