പ്രതിയെ പൂര്‍ണ്ണ നഗ്നനാക്കി നടത്തിച്ച് പൊലീസ്

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുന്‍പുള്ള കേസില്‍ അറസ്റ്റിലായ ആളെ പൊലീസ് നഗ്‌നനാക്കി നടുറോഡിലൂടെ നടത്തിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസിനെ കുരുക്കിലാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇന്ദര്‍പുരി ജെ ജെ കോളനിയിലെ വീരേന്ദ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നഗ്നനാക്കി നടത്തിച്ചത്. വീരേന്ദ്രയുടെ പേരില്‍ പത്തു വര്‍ഷം മുമ്പ് ഒരു അതിക്രമിച്ച് കടക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

ഇതിന്റെ പേരിലാണ് ഇയാളുടെ വീട്ടിലേക്ക് പത്തംഗ പൊലീസ് സംഘമെത്തിയത്. പൊലീസ് വീട്ടിലെത്തുമ്പോള്‍ ഇയാള്‍ കുളിക്കുകയായിരുന്നു. പോലീസ് കുളിമുറിയില്‍ നിന്ന് വീരേന്ദ്രയെ വലിച്ചിഴച്ചു. വസ്ത്രം ധരിക്കാന്‍ പോലും അനുവദിക്കാതെ പൊലീസ് ഇയാളെ തെരുവിലൂടെ നടത്തി. പൊലീസ് സ്റ്റേഷന്‍ തൊട്ടടുത്തായിരുന്നതിനാല്‍ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയാണ് കൊണ്ടുപോയത്. വീരേന്ദ്രയുടെ ഭാര്യ തോര്‍ത്തുമായി ഇവര്‍ക്ക് പിന്നാലെ ഓടുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍, തോര്‍ത്ത് ബലമായി പിടിച്ചുവാങ്ങിയ പൊലീസുകാരന്‍ അത് വീരേന്ദ്രയ്ക്ക് നല്‍കിയില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയാണ് പൊലീസിന്റെ നടപടി. കേസുമായി ബന്ധപ്പെട്ട് വീരേന്ദ്രക്കെതിരേ കോടതി രണ്ട് മാസം മുമ്പ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇതനുസരിച്ച് വീരേന്ദ്ര കോടതിയില്‍ ഹാജരാകേണ്ടത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച തന്നെ ഇയാളെ പൊലീസ് തെരുവിലൂടെ നഗ്‌നനാക്കി വലിച്ചിഴയ്ക്കുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നാരോപിച്ച് ആഭ്യന്തരമന്ത്രിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും പരാതി നല്‍കാനിരിക്കുകയാണ് ബന്ധുക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here