പാമ്പിനെ കടിച്ച് പക തീര്‍ത്ത് കര്‍ഷകന്‍

ലക്‌നൗ: പാമ്പുകള്‍ മനുഷ്യനെ കടിക്കുന്നത് സാധാരണമാണ്. ആരും പാമ്പിനെ തിരിച്ച് കടിക്കാറില്ല. എന്നാല്‍ കൊത്തിയ പാമ്പിനെ തിരിച്ച് കടിച്ച് പക തീര്‍ത്തിരിക്കുകയാണ് ഒരു കര്‍ഷകന്‍.

ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ സോനെലാല്‍ ആണ് തന്നെ കൊത്തിയ പാമ്പിനെ തിരിച്ച് കടിച്ച് തല വായിലിട്ട് ചവച്ചരച്ചത്. പാമ്പിനെ കടിച്ചതിന് ശേഷം ബോധരഹിതനായി കണ്ടെത്തിയ സോനെ ലാലിനെ നാട്ടുകാര്‍ മോഹഗഞ്ചിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇയാളുടെ ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ നിരീക്ഷണത്തില്‍ വച്ചു.

പാമ്പിന്റെ തല കടിച്ചെടുത്തപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതാകും ഇയാള്‍ ബോധരഹിതനാകാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. രാത്രി പത്തുമണിയോടെ ബോധംവീണപ്പോള്‍ ഡോക്ടര്‍മാര്‍ ഇയാളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചു.

അപ്പോഴാണ് കന്നുകാലിമേയ്ക്കുന്നതിന്റെ ഇടയ്ക്ക് പാമ്പ് കടിച്ചതായി തോന്നിയെന്നും ഇതേതുടര്‍ന്ന് താന്‍ പാമ്പിനെ കടിക്കുകയായിരുന്നുവെന്നും സോനെലാല്‍ വ്യക്തമാക്കിയത്.

അതേസമയം പാമ്പ് കാലില്‍ സ്പര്‍ശിച്ചപ്പോള്‍ കടിയേറ്റതായി ഇയാള്‍ക്ക് തോന്നിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്തായാലും പാമ്പിന്റെ തല വായിലിട്ട് ചവച്ച സോനെലാലിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം സോനെലാല്‍ മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും നാട്ടുകാര്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here