പന്തയത്തില്‍ തോറ്റ യുവാവിന്റെ നാടകം

ധാക്ക : ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് പന്തയം വെച്ച യുവാവ് പണം നല്‍കാതിരിക്കാന്‍ താന്‍ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചു. ബംഗ്ലാദേശ് സ്വദേശിയായ അദേല്‍ ഷിക്ദര്‍ ആണ് ഇപ്രകാരം കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചത്.

രണ്ട് പേര്‍ ചേര്‍ന്ന് ഷിക്ദറിനെ കഴുത്തറുത്ത് വധിക്കുന്നു എന്ന് തോന്നിക്കുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ചുവന്ന ജ്യൂസ് ആണ് രക്തത്തിന് പകരമായി ഉപയോഗിച്ചത്. ബംഗ്ലാദേശിലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി യുവാവിനെ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും ജീവനോടെ പിടികൂടിയത്.

കഴുത്തറുത്ത് കൊല്ലപ്പെടുന്ന വീഡിയോ താനുമായി പന്തയത്തിലേര്‍പ്പെട്ട വ്യക്തിക്ക് അപരിചിതമായ ഫോണ്‍ നമ്പര്‍ വഴി അയച്ചു നല്‍കാനും യുവാവ് മറന്നില്ല. ഒരു ലക്ഷം രൂപയ്ക്കാണ് ഷിക്ദര്‍ ഇയാളുമായി പന്തയത്തില്‍ ഏര്‍പ്പെട്ടത്. മാര്‍ച്ച് 18 ാം തീയ്യതി ശ്രീലങ്കയില്‍ വെച്ച് നടന്ന നിദാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് ഈ നാടകം നടത്തിയത്.

മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കുമെന്നായിരുന്നു യുവാവിന്റെ പന്തയം. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഷിക്ദറിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. തൊട്ടു മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു.

ഈ മത്സരത്തില്‍ 40,000 ടാക്കയ്ക്ക് യുവാവ് ഇതേ വ്യക്തിയുമായി പന്തയം വെച്ചു വിജയിച്ചിരുന്നു. ഈ പണം ഷിക്ദര്‍ ധൂര്‍ത്തടിച്ചു ചിലവഴിച്ചു. ഇതിനെ തുടര്‍ന്നാണ് ഫൈനല്‍ മത്സരത്തിലും പന്തയം വെക്കുവാന്‍ ഷിക്ദര്‍ തീരുമാനിച്ചത്. 1,50,000 ടാക്ക അതായത് 1,17,295.56 രൂപയ്ക്കായിരുന്നു ഇത്തവണ ഇയാള്‍ ബെറ്റ് വെച്ചത്.

എന്നാല്‍ മത്സരത്തില്‍ ബംഗ്ലാദേശ് തോറ്റതോടെ കയ്യില്‍ പണമില്ലാതെ ഇയാള്‍ മുങ്ങി. പിന്നീട് പണം നല്‍കാന്‍ യാതോരു വഴിയും കാണാതായതോടെ ഒരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന് പണം നല്‍കി കഴുത്തറുത്ത് കൊല്ലപ്പെടുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തില്‍ യുവാവിന്റെ കള്ളി വെളിച്ചത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here