ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു

സുന്ദര്‍ഗഡ് : 28 കാരന്‍ തന്റെ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു. ഒഡീഷ, സുന്ദര്‍ഗഡിലെ പമര ഗ്രാമത്തിലാണ് സംഭവം. ബസുദേബ് ടാപ്പോ എന്ന യുവാവാണ് 24 കാരിയായ ഭാര്യയെ കാമുകന് കല്യാണം കഴിച്ചുകൊടുത്തത്. ഇതിന് 6 നാള്‍ മുന്‍പാണ് ബസുദേബ് പ്രസ്തുത പെണ്‍കുട്ടിയെ താലികെട്ടിയത്.

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ നാടകീയ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പ്രസ്തുത വിവാഹം. ശനിയാഴ്ച 3 യുവാക്കള്‍ ബസുദേബിനെയും ഭാര്യയെയും വീട്ടില്‍ സന്ദര്‍ശിച്ചു. ഇതിലൊരാള്‍ പെണ്‍കുട്ടിയുടെ കസിന്‍ ആണെന്നാണ് യുവാവിനെ പരിചയപ്പെടുത്തിയത്.

എന്നാല്‍ മറ്റ് രണ്ട് യുവാക്കള്‍ ബസുദേബിനൊപ്പം നാടുകാണാന്‍ പുറത്തിറങ്ങിയപ്പോള്‍ കസിന്‍ എന്ന് പരിചയപ്പെടുത്തിയയാള്‍ വീട്ടില്‍ തന്നെ നിന്നു. എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ തടിച്ചൂകൂടുകയും ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു.

അപ്പോഴാണ് ഇയാള്‍ തന്റെ അര്‍ദ്ധസഹോദരനല്ലെന്നും കാമുകനാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തന്റെ കുടുംബത്തിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന് അവര്‍ സമ്മതിച്ചില്ലെന്നും യുവതി വ്യക്തമാക്കി.

അവര്‍ ബസുദേബിനെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബസുദേബ് ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ തന്റെ നിലപാട് ഭാര്യയ്ക്കും കാമുകനും നാട്ടുകാര്‍ക്കും മുന്‍പില്‍ വ്യക്തമാക്കി. തന്റെ ഭാര്യ ഹൃദയം നല്‍കിയിരിക്കുന്നത് മറ്റൊരു യുവാവിനാണ്.

അതിനാല്‍ അവരാണ് ജീവിത്തില്‍ ഒന്നിക്കേണ്ടതെന്നായിരുന്നു ബസുദേബിന്റെ വാക്കുകള്‍. ആ വിവാഹമാണ് നടക്കേണ്ടത്. അവരെ കല്യാണം കഴിപ്പിച്ച് കൊടുത്തില്ലെങ്കില്‍ തങ്ങളുടെ മൂന്ന് പേരുടെയും ജീവിതം തകരുന്ന സ്ഥിതിയാണുണ്ടാവുക.

അതിനാല്‍ ഈ പ്രശ്‌നത്തിന് യഥാര്‍ത്ഥ പരിഹാരം അവരുടെ വിവാഹമാണെന്നും ബസുദേബ് ബന്ധുക്കളോടും നാട്ടുകാരോടും വ്യക്തമാക്കി. അവരും ഒടുവില്‍ യുവാവിന്റെ നിലപാടിനൊപ്പം നിന്നു.

തുടര്‍ന്ന് യുവതിയുടെ മൂത്ത സഹോദരനെയും സഹോദരിയെയും വിളിച്ചുവരുത്തി കാമുകന് യുവതിയെ വിവാഹം കഴിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ശേഷം നൂറോളം പേരുടെ സാന്നിധ്യത്തില്‍ ഭാര്യയെ ഇയാള്‍ കാമുകന് കല്യാണം കഴിച്ചുകൊടുക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here