വീട്ടുജോലിക്കെത്തിയ 7 സ്ത്രീകളെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ആള്‍മാറാട്ടത്തിലൂടെ തട്ടിക്കൊണ്ടുപോയി

ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു സംഘം സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസില്‍ വിചാരണയാരംഭിച്ചു. വീട്ടുജോലിക്കായി ദുബായിലെത്തിയ 7 സ്ത്രീകളെ നാടകം കളിച്ച് കടത്തിക്കൊണ്ടുപോയ കേസിലാണ് അക്രമിക്കെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്.റിക്രൂട്ട്‌മെന്റ് ഓഫീസിലെ പിആര്‍ഒ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കഴിഞ്ഞ വര്‍ഷം തട്ടിപ്പ് നടത്തിയത്. അക്രമി 29 കാരനായ ഈജിപ്ഷ്യന്‍ സ്വദേശിയാണ്. ഏഷ്യന്‍ സ്വദേശികളായ 7 സ്ത്രീകളാണ് ഇയാളുടെ വഞ്ചനയ്ക്ക് ഇരയായത്. സംഭവം ഇങ്ങനെ. തൊഴിലില്ലാത്ത ഇയാള്‍,ദുബായില്‍ വന്നിറങ്ങിയ ഒരു സംഘം സ്ത്രീകളെ സമീപിച്ചു.അവരെ രാജ്യത്തെത്തിച്ച റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ പിആര്‍ഒ ആണെന്ന് സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് അവരുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ചു.
തുടര്‍ന്ന് അവരുടെ പാസ്‌പോര്‍ട്ടുകള്‍ വാങ്ങി കയ്യില്‍വെച്ചു. ഇയാളുടെ വാദങ്ങള്‍ വിശ്വസിച്ച സ്ത്രീകള്‍ 29 കാരനൊപ്പം പോയി.  ഇയാള്‍ അവരെ ഒരു ഫ്‌ളാറ്റിലേക്കാണ് കൊണ്ടുപോയത്. താന്‍ നിര്‍ദേശിക്കുന്ന ഇടങ്ങളില്‍ ജോലിക്ക് പോകണമെന്ന് ഇയാള്‍ സ്ത്രീകളോട് കല്‍പ്പിച്ചു. തുടര്‍ന്ന് അവരെ ഫ്‌ളാറ്റിനുള്ളില്‍ പൂട്ടി. അപ്പോഴാണ് തങ്ങള്‍ ചതിയില്‍പ്പെട്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. 4 പേരില്‍ നിന്ന് ഇയാള്‍ പണം പിടുങ്ങുകയും ചെയതിട്ടുണ്ട്.  എന്നാല്‍ ഒരു എത്യോപ്യന്‍ സ്ത്രീ എല്ലാ ദിവസവും വന്ന് മുറി വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു ദിവസം ഇവരെത്തിയപ്പോള്‍ സ്ത്രീകള്‍ പുറത്തിറങ്ങി ഒരു കാറില്‍ രക്ഷപ്പെട്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സിയിലേക്ക് പോയി കാര്യം ധരിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഓഗസ്റ്റ് 27 ന് ഇവര്‍ നല്‍കിയ പരാതിയില്‍ 29 കാരന്‍ പിടിയിലാവുകയും ചെയ്തു. ഈ മാസം 23 നാണ് കേസില്‍ അടുത്ത ഹിയറിങ്.

LEAVE A REPLY

Please enter your comment!
Please enter your name here