മരിച്ചെന്നു കരുതിയ വ്യക്തി തിരിച്ചെത്തി

തായ്‌ലന്റ് :മരിച്ചെന്ന് കരുതി ശവസംസ്‌ക്കാരം നടത്തിയ വ്യക്തി ഏഴ് മാസങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. തായ്‌ലന്റിലെ സി കാ കെറ്റ് പ്രവിശ്യയിലാണ് മരിച്ചെന്ന് കരുതിയ വ്യക്തി നാട്ടുകാരേയും ബന്ധുക്കളെയും ഞെട്ടിച്ചു കൊണ്ട് തിരിച്ച് വന്നത്.

44 വയസ്സുകാരനായ സകോര്‍ണ്ണ് സച്ചീവയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടുകാരുമായി  ബന്ധപ്പെടാന്‍ പോലും സാധിക്കാതെ കപ്പലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു.സകോര്‍ണ്ണയുടെ പ്രേതത്തെയാണ് തങ്ങള്‍ കാണുന്നതെന്നാണ് ആദ്യം ബന്ധുക്കള്‍ പോലും കരുതിയത്. പിന്നീട് ഏറെ നേരത്തിന് ശേഷമാണ് മുന്നില്‍ കാണുന്നത് ജീവനുള്ള സകോര്‍ണ്ണ ആണെന്ന് ഇവര്‍ വിശ്വസിച്ചത് തന്നെ.

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിയതാണ് സകോര്‍ണ്ണ. പിന്നീട് കുടുംബക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് നാങ് ലോങ് എന്ന പ്രദേശത്ത് ഇദ്ദേഹത്തിന്റെ ശരീരത്തോട് സാമ്യമുള്ള ഒരു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം അല്‍പ്പം അഴുകിയ നിലയിലായിരുന്നു. ബന്ധുക്കള്‍ സകോര്‍ണ്ണയാണെന്ന് തെറ്റിദ്ധരിച്ച് ഈ അജ്ഞാത മൃതദേഹം സംസ്‌ക്കരിച്ചു. അന്ന് സംസ്‌ക്കരിക്കപ്പെട്ട വ്യക്തി ആരാണെന്നുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here