നെഞ്ചു വേദന അനുഭവപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തു

അബുദാബി :നെഞ്ചു വേദനയെ തുടര്‍ന്ന് ശാരീരിക അസ്യസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ മദ്യപിച്ചെന്ന് തെറ്റിദ്ധരിച്ചു അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ സത്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അബുദാബി കോടതി ഇദ്ദേഹത്തെ ശിക്ഷ ഇളവ് ചെയ്തു. ഒരു എമിറേറ്റ്‌സ് പൗരനാണ് അധികൃതരുടെ അനാസ്ഥ മൂലം ഈ വിഷമ സ്ഥിതിയിലൂടെ മുന്നോട്ട് നീങ്ങേണ്ടി വന്നത്.

വിമാനത്തിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യാന്‍ തടസ്സം നേരിട്ടു. ഈ സമയം വിമാനത്തിനുള്ളിലെ താപനില ക്രമാനുഗതമായി ഉയരുവാന്‍ തുടങ്ങി. ഈ താപനില ഇദ്ദേഹത്തിന് അസ്വസ്ഥതകളുണ്ടാക്കി.

തനിക്ക് പുറത്തേക്ക് പോകണമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥരോട് ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നത് വരെ സീറ്റില്‍ സമാധാനമായി ഇരിക്കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ഒടുവില്‍ ഇദ്ദേഹം വിമാനത്തില്‍ നിന്നും എണീറ്റ് ഒച്ച വെയ്ക്കുവാന്‍ തുടങ്ങി. എന്നാല്‍ മദ്യ ലഹരിയിലാണ് ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തികളെന്നാണ് എയര്‍ലൈന്‍ ജീവനക്കാര്‍ കരുതിയത്.

അല്‍പ്പ സമയത്തിന് ശേഷം അവശ നിലയിലായ ഇദ്ദേഹത്തിനെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ മദ്യപിച്ചു വിമാനത്തില്‍ കയറി ബഹളം വെച്ചതിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അവശ നിലയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് നെഞ്ചു വേദന കാരണമാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് ഏവര്‍ക്കും ബോധ്യമായത്. മെഡിക്കല്‍ രേഖകള്‍ തെളിവായി സ്വീകരിച്ച കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here