മൂത്രം കുടിപ്പിക്കാന്‍ ശ്രമം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ് പ്രാകൃത ശിക്ഷ യുവാവിന് വിധിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവാവിനെ മൂത്രവും കുടിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തനിക്ക് പെണ്‍കുട്ടിയെ അറിയുകപോലുമില്ലെന്ന് യുവാവ് പ്രതികരിച്ചു. തന്റെ ജീവന് ഭീഷണിയുണ്ട്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും യുവാവിന്റെ മൊഴിയെടുത്തതിന് ശേഷം നടപടി സ്വീകരിക്കുമെന്നും സഹാറന്‍പുര്‍ എസ്.പി ബബ് ലുകുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here