ഡ്രൈവര്‍ മുസ്ലീമായതിനാല്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലീമായതിന്റെ പേരില്‍ ബുക്ക് ചെയ്ത ഓല ടാക്‌സി റദ്ദ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു ജിഹാദിക്ക് പണം നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ താന്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു എന്നതായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

റദ്ദ് ചെയ്തതിന്റെ ചിത്രവും ട്വീറ്റിനോടൊപ്പം പോസ്റ്റ് ചെയ്തു. ഏപ്രില്‍ 20 നാണ് അഭിഷേക് ഓല ബുക്ക് ചെയ്തത്. മസൂദ് അലാം എന്നയാളായിരുന്നു അതിന്റെ ഡ്രൈവര്‍. ഡ്രൈവറുടെ ഫോട്ടോയും സ്‌ക്രീന്‍ഷോട്ടില്‍ കാണാം. നിരവധിപ്പേരാണ് അഭിഷേകിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം ഇയാളുടെ പതിനാലായിരത്തിലേറെ ഫോളോവേഴ്‌സില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയും ഉള്‍പ്പടുന്നു. എന്നാല്‍ ടാക്‌സി കാബുകളില്‍ പതിച്ചിരിക്കുന്ന ഹനുമാന്റെ ചിത്രത്തിനെതിരേ ആളുകള്‍ക്ക് പരാതിപ്പെടാമെങ്കില്‍ തനിക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നും അഭിഷേക് മിശ്ര മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം മതത്തിന്റെയോ, ലിംഗത്തിന്റെയോ, ജാതിയുടെയോ, നിറത്തിന്റെയോ പേരില്‍ ഡ്രൈവര്‍മാരെയോ, ഉപഭോക്താക്കളെയോ വേര്‍തിരിച്ച് കാണാറില്ല എന്നതായിരുന്നു ഓലയുടെ മറുപടി. ഓലയോട് അഭിഷേകിനെ വിലക്കാന്‍ നിരവധിപ്പേര്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here