ഷുഹൈബിന്റെ സഹോദരിയുടെ കത്ത്

കണ്ണൂര്‍ :മട്ടന്നൂരില്‍ എതിരാളികളാല്‍ വെട്ടിക്കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തുന്ന തരത്തിലാണ് കത്തിന്റെ ഉള്ളടക്കം.‘ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഇക്ക വലിയ തുണയായിരുന്നു. ഞങ്ങളുടെ ഇക്ക ഈ അക്രമ പരമ്പരയില്‍ അവസാനത്തെ പേരാകട്ടെ, ഇനി ആരും മരിക്കരുത് എന്ന് ഉറപ്പ് നല്‍കണമെന്ന്’ സുമയ്യ കത്തിലൂടെ മുഖ്യമന്ത്രിയോട് അവശ്യപ്പെടുന്നു.

വ്യാഴാഴ്ച വൈകുന്നേരം തപാല്‍ മാര്‍ഗ്ഗമാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.

കത്തിന്റെ ഉള്ളടക്കം
നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണ് കുറച്ച് ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്ക് വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്ക് വലിയ തുണയായിരുന്നു. കൂട്ടായിരുന്നു.

ഞങ്ങള്‍ക്ക് പോലും ആറിയാത്ത ഒരു പാട് പേര്‍ക്ക് താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞത് മുതല്‍ ഇങ്ങോട്ട് എത്തുന്നവര്‍ അത് സാക്ഷ്യപ്പെടുത്തി.

ഇക്ക ഇനി നമ്മുടെ കൂടെ ഇല്ലാ എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ ?
ഇനി ആരും മരിക്കരുത്.

ഞങ്ങളുടെ ഇക്ക ഈ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെ പോലെ ഒരു പാട് കുടുംബങ്ങള്‍ക്ക് വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ് അതെങ്കിലും ഞങ്ങള്‍ക്ക് നല്‍കാമോ ?

LEAVE A REPLY

Please enter your comment!
Please enter your name here