കോണ്‍ഗ്രസിന് പിടിവള്ളി മേഘാലയ

ഷില്ലോങ് :തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ അപരാജിത ഭരണത്തിന് ശേഷം ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

കഴിഞ്ഞ തവണ 28 മണ്ഡലങ്ങളിലായിരുന്നു അവര്‍ വിജയം സ്വന്തമാക്കിയത്. പ്രമുഖ പ്രാദേശിക കക്ഷിയായ എന്‍പിപി 15 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ആറ് സീറ്റികളിലാണ് മുന്നേറുന്നത്. സ്വതന്ത്രര്‍ 17 ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണമെന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തിരിച്ച് അധികാരത്തിലേറുകയെന്നത് അത്യന്തം ദുഷ്‌കരമായ സംഗതിയാണ്. ഇതോടെ സംസ്ഥാനത്ത് തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതയേറി.

രണ്ടാം സ്ഥാനത്തുള്ള എന്‍പിപി, നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബിജെപി രൂപികരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച്, എന്‍പിപിയേയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കി ബിജെപി അധികാരത്തിലെത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയിയില്‍ ബീഫ് നിരോധനവും പ്രധാന ചര്‍ച്ച വിഷയമായിരുന്നു. അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കില്ലായെന്ന പ്രാദേശിക ബിജെപി നേതാക്കള്‍ പ്രസ്താവനകള്‍ പുറപ്പെടിച്ചിരുന്നുവെങ്കിലും ജനവിധി കോണ്‍ഗ്രസിന് വീണ്ടും മുന്‍തൂക്കം നല്‍കി.

എന്‍ഡിഎ നേതാവ് ഹിമന്ത് ബിശ്യാസ് ശര്‍മ്മയും കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥും അഹമ്മദ് പട്ടേലും സര്‍ക്കാര്‍ രൂപികരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ക്കായി രാജ്യ തലസ്ഥാനത്ത് നിന്നും മേഘാലയയിലേക്ക് തിരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here