മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്

സലാല : മേകുനു ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സലാല വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് അടയ്ക്കും. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് മെയ് 24 ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണണ് വിമാനത്താവളം അടയ്ക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ മേകുനു ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തിലാണിത്. അറേബ്യന്‍ കടലില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

ഒമാന്‍ തീരത്ത് ഇതിന്റെ പ്രത്യാഘാതമുണ്ടായേക്കും. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തെത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ വെളളി, ശനി ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലുകളോടുകൂടി മഴയുണ്ടാകും.

ലക്ഷദ്വീപിന് പടിഞ്ഞാറും മാലിദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം, തീരമേഖലയിലുള്ളവര്‍ ഇവിടെ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. സലാലയിലെ സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ നിന്ന് രോഗികളെയെല്ലാം മാറ്റിയിട്ടുണ്ട്.

വ്യോമസേനയുടെ സഹായത്തോടെ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. സലാലയിലെ സൈനിക ആശുപത്രിയിലേക്കാണ് രോഗികളെ മാറ്റിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here