കണക്കിലെ കളികളില്‍ കര്‍ണാടകസഭ

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള തിരക്കിട്ട നീക്കങ്ങളാല്‍ തിളച്ചുമറിയുകയാണ് കന്നഡരാഷ്ട്രീയം.

ഫലത്തില്‍ രാജ്യജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ് ബംഗളൂരുവിലെ ചരടുവലികള്‍. നാളെ വൈകീട്ട് 4 നാണ് യെദ്യൂരപ്പ വിശ്വാസവോട്ട് തേടുന്നത്. 224 അംഗ സഭയില്‍ 113 പേരുടെ പിന്‍തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

എന്നാല്‍ 222 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.  അതിനാല്‍ 112 പേരുടെ പിന്‍തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ബിജെപിക്ക് 104 അംഗങ്ങളാണുള്ളത്.

കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിന് 2 എംഎല്‍എമാരുടെ പിന്‍തുണ നഷ്ടമായെന്ന് റിപ്പോര്‍ട്ടുണ്ട്.

ആനന്ദ് സിങ്, പ്രതാപ് ഗൗഡ എന്നിവരാണിവര്‍. ഇവര്‍ ബിജെപിയെ പിന്‍തുണയ്ക്കുമെന്നാണ് സൂചന. അതേസമയം രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പമുണ്ട്.

അങ്ങനെവരുമ്പോള്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 116 പേരുടെ പിന്‍തുണയാണുണ്ടാവുക.ജെഡിഎസ് അദ്ധ്യക്ഷന്‍ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് ഒരു വോട്ടേ ചെയ്യാനാകൂ എന്നതിനാല്‍ സംഖ്യ 115 ലേക്കെത്തും. അപ്പോഴും ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ആകയാല്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വീഴും.

ബിജെപിക്ക് തങ്ങളുടെ 104 വോട്ടിനൊപ്പം രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്‍തുണ ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ 106 എംഎല്‍എമാരെയേ ഒപ്പം നിര്‍ത്താനാകൂ.

കേവല ഭൂരിപക്ഷത്തിലേക്ക് 6 അംഗങ്ങളുടെ കുറവുണ്ടാകും. യെദ്യൂരപ്പ കേവലം 3 ദിവസത്തെ മുഖ്യമന്ത്രി മാത്രമാകും. എന്നാല്‍ കോണ്‍-ദള്‍ സഖ്യത്തില്‍ നിന്ന് 6 വോട്ടുകള്‍ കൂടി ചോര്‍ന്നാല്‍ ബിജെപി ഭരണം ഉറപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here