തട്ടുകടകളില്‍ വിളമ്പുന്നത് പൂച്ചയിറച്ചി

ചെന്നൈ : പൂച്ചകളെ പാചകം ചെയ്ത് തട്ടുകടകളില്‍ മട്ടന്‍ ബിരിയാണിയായി വിളമ്പുന്നു. ചെന്നൈ പൊലീസാണ് ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്തുകൊണ്ടുവന്നത്. വീടുകളില്‍ നിന്ന് പൂച്ചകളെ കാണാതാകുന്നത് സ്ഥിരം സംഭവമായതോടെയാണ് നാട്ടുകാര്‍ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്.

അവര്‍ ആദ്യം പ്യൂപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയെ സമീപിച്ച് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് അവരുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൂച്ചകളെ മോഷ്ടിച്ച് കൊണ്ടുപോവുകയാണെന്ന് കണ്ടെത്തി. ഇതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

വൈകാതെ പൂച്ചയെ കടത്തുന്ന സംഘം പൊലീസിന്റെ വലയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു വിഭാഗം നാടോടികളാണ് പൂച്ചകളെ പിടിച്ചുകൊണ്ടുപോകുന്നത്. കയറില്‍ കുരുക്കിയും വലയിലാക്കിയുമാണ് ഇവയെ പിടികൂടുന്നത്.

തുടര്‍ന്ന് കൂട്ടത്തോടെ ചൂടുവെള്ളത്തിലിട്ട് കൊല്ലും. ശേഷം തൊലിയുരിച്ച് തയ്യാറാക്കി തട്ടുകടകള്‍ക്ക് വില്‍ക്കും. ഇവിടങ്ങളില്‍ മട്ടന്‍ ബിരിയാണിയില്‍ ചേര്‍ക്കുന്നത് പൂച്ചയുടെ ഇറച്ചിയാണ്. ബാറുകളോടും മദ്യവില്‍പ്പന കേന്ദ്രങ്ങളോടും ചേര്‍ന്നുള്ള തട്ടുകടകള്‍ക്കാണ് പൂച്ചകളെ കൈമാറുന്നത്.

ഇവിടങ്ങളിലാകുമ്പോള്‍ കഴിക്കുന്നവര്‍ തിരിച്ചറിയുകയോ ചോദ്യം ചെയ്യുകയോ ഉണ്ടാവില്ല. 40 ഓളം പൂച്ചകളെ സംഘത്തിന്റെ താവളത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയെ പിഎഫ്എയുടെ റെഡ് ഹില്‍സ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

20 വര്‍ഷത്തോളമായി ഇത്തരത്തില്‍ പൂച്ചകളെ വില്‍ക്കുന്നുണ്ടെന്ന് മോഷണസംഘം പൊലീസിന് മൊഴി നല്‍കി. സന്ധിവാതത്തിന് പൂച്ചയിറച്ചി ഔഷധമാണെന്ന് വാദം പ്രചരിപ്പിച്ച് നാട്ടുകാര്‍ക്കും വില്‍പ്പന നടത്താറുണ്ടെന്നും വിശേഷ അവസരങ്ങളില്‍ തങ്ങള്‍ ഭക്ഷണമായി വിളമ്പാറുണ്ടെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here