കുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു

തിരൂരങ്ങാടി : ഏഴുവയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ഉപേക്ഷിച്ചെന്ന് പരാതി. ചെമ്മാട് കൊടിഞ്ഞിയിലെ ഏഴുവയസ്സുകാരിയെ രാവിലെ മദ്രസയിലേക്ക് പോകും വഴി കാണാതായിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ. മദ്രസയിലേക്ക് നടക്കുമ്പോള്‍ പര്‍ദ ധരിച്ച യുവതി സ്‌കൂട്ടറിലെത്തി.

ഉമ്മ ബാങ്കിലുണ്ടെന്നും കൂടെ വരാനും പറഞ്ഞു. കയറാന്‍ വിസമ്മതിച്ചപ്പോള്‍ ബലമായി സ്‌കൂട്ടറില്‍ പിടിച്ചിരുത്തി. തുടര്‍ന്ന് വെഞ്ചാലി, പന്താരങ്ങാടി വഴി കൊണ്ടുപോയി. വഴിയില്‍ ഒരു കടയില്‍ നിര്‍ത്തി കയ്യിലെ വള മുറിച്ചെടുത്തു.

പിന്നീട് കുറേ ദൂരം പോയശേഷം ബസില്‍ കയറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്‍പിലെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയി. ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട ദേവദാസ് എന്നയാള്‍ കുട്ടിയോട് വിവരം ചോദിച്ചു.

ഇതോടെ ഇയാള്‍ പിതാവിന്റെ നമ്പര്‍ വാങ്ങി വിളിച്ചറിയിച്ചു. മുക്കാല്‍ പവന്റെ വളയാണ് നഷ്ടമായത്. യുവതിയുടെയും സ്‌കൂട്ടറിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

രാവിലെ 6.50 നാണ് കുട്ടി വീട്ടിന് അടുത്തുള്ള മദ്രസയിലേക്ക് പോയത്. 8.30 ന് മദ്രസ വിട്ടിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നത്. എന്നാല്‍ മദ്രസയില്‍ എത്തിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കുട്ടിയെ ലഭിച്ചിട്ടുണ്ടെന്ന വിവരം പത്തുമണിയോടെ ദേവദാസ് എന്നയാള്‍ വിളിച്ചറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി കുട്ടിയെ ഒപ്പം കൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here