നിപ്പാ വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് മോഹനന്‍ വൈദ്യര്‍

കോഴിക്കോട് :നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ അസത്യ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ച് നിയമനടപടികള്‍ നേരിടുന്ന മോഹനന്‍ വൈദ്യര്‍ വീണ്ടും തന്റെ വാദത്തില്‍ ഉറച്ച് രംഗത്ത്. ഈ വിഷയത്തില്‍ അബദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് രംഗത്തെത്തിയതിനെ തൊട്ടു പിന്നാലെയാണ് വീണ്ടും അടുത്ത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

നിപ്പാ വൈറസ് ബാധയുണ്ടായ കോഴിക്കോട് കുറ്റ്യാടി മേഖലയിലെ പഴങ്ങള്‍ കഴിക്കുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ രണ്ട് ദിവസം മുന്‍പ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വവ്വാല്‍ കാരണമല്ല നിപ്പാ പകരുന്നതെന്ന് കാണിക്കുവാന്‍ ഈ പഴങ്ങള്‍ അദ്ദേഹം ക്യാമറയ്ക്ക് മുന്‍പില്‍ വെച്ച് കഴിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി എന്ന കാരണത്താല്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു.

സംഭവത്തില്‍ തൃത്താല പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഇദ്ദേഹം ഖേദ പ്രകടനവുമായി രംഗത്ത് എത്തിയതും ഏറെ വാര്‍ത്താശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ അങ്ങനെയല്ല ഉദ്ദേശ്ശിച്ചതെന്നും വ്യക്തമാക്കിയാണ് മോഹനന് വൈദ്യര്‍ സമൂഹ മാധ്യമത്തിലൂടെ മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.

എന്നാല്‍ വവ്വാല്‍ കാരണമല്ല നിപ്പാ വെറസ് ബാധ പകര്‍ന്നതെന്ന ഭോപ്പാലില്‍ നിന്നുള്ള പരിശോധന ഫലം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുറത്തു വന്നതിന് പിന്നാലെ മോഹനന്‍ വൈദ്യര്‍ വീണ്ടും മലക്കം മറിഞ്ഞു. ശനിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ പറഞ്ഞത് ഇപ്പോള്‍ സത്യമായില്ലെ എന്നാണ് മുന്നിലിരിക്കുന്ന രോഗികളോട് ചോദിക്കുന്നത്.

തനിക്കെതിരെ കേസെടുക്കാന്‍ നടപടി എടുത്ത ഭരണകൂടത്തിനെതിരെയും അധികൃതര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് ഇയാള്‍ വീഡിയോവിലൂടെ നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ നിപ്പാ ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരണപ്പെട്ട മൂസയുടെ വീട്ടിലെ കിണറ്റിനുള്ളിലുള്ള വവ്വാലുകളെയാണ് പരിശോധന നടത്തിയത്. ഇവ ഷഡ്പദഭോജികളാണ്.

പ്രദേശത്തെ പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളില്‍ കൂടി പഠനം നടത്തിയാല്‍ മാത്രമേ ഈ ജീവികളില്‍ നിന്നല്ല വൈറസ് ബാധ പകര്‍ന്നതെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. ഇതിന് മുന്‍പാണ് തന്റെ ഭാഗം ന്യായികരിക്കാനെന്ന വണ്ണം മോഹനന്‍ വൈദ്യര്‍ വീണ്ടും ഒരു വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്.

വീഡിയോ കാണാം

ബഹുമാന്യ ജനങ്ങളെ വവ്വാൽ സാമ്പിൾ പരിശോധിച്ച് കിട്ടിയ റിപ്പോർട്ട് നെഗറ്റീവ് എന്നുള്ള വാർത്ത നിങ്ങൾ അറിഞ്ഞു കാണും. ഇനി പൊതുസമൂഹത്തോട് പറയാനുള്ളത് ഇതാണ്…

MohananVaidyar മോഹനൻ വൈദ്യർさんの投稿 2018年5月25日(金)

LEAVE A REPLY

Please enter your comment!
Please enter your name here