രണ്ട് ലക്ഷം രൂപ കുരങ്ങുകള്‍ തട്ടിപ്പറിച്ചു

ആഗ്ര :ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ വ്യവസായിയുടെ രണ്ട് ലക്ഷം രൂപ  കുരങ്ങുകള്‍ തട്ടിപ്പറിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. ആഗ്രയില്‍ ഒരു ചെറിയ ആഭരണശാല നടത്തുന്ന വിജയ് ബന്‍സാലിനാണ് കുരങ്ങുകളില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

മകള്‍ നാന്‍സിയോടൊപ്പം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ നയി കി മണ്ഡിയിലുള്ള ശാഖയില്‍ പണം നിക്ഷേപിക്കാന്‍ എത്തിയതായിരുന്നു ബന്‍സാല്‍. ഒരു പൊളിത്തീന്‍ കവറിനുള്ളിലാക്കി മകളുടെ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ബാങ്കിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നാന്‍സിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പുറത്ത് ഓടിക്കളിക്കുകയായിരുന്ന കുരങ്ങുകള്‍ തട്ടിപ്പറിച്ചത്.

ഉടനെ കുരങ്ങുകള്‍ പണവുമായി മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് കയറി. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ അടക്കം പുറത്തെത്തി കുരങ്ങന്മാരെ പാട്ടിലാക്കാന്‍ പല പൊടിക്കൈകളും പ്രയോഗിച്ചു. പക്ഷെ ബാഗ് വിട്ടു തരുവാന്‍ കുരങ്ങന്‍മാര്‍ ഒരുക്കമായിരുന്നില്ല. ഇതിനിടയില്‍ കുരങ്ങുകളുടെ നഖം കൊണ്ട് പൊളിത്തീന്‍ കവര്‍ പൊട്ടി കുറച്ചു പണം താഴോട്ടേക്ക് വീണു. ഇതു കൈക്കലാക്കാനായി പ്രദേശവാസികള്‍ എല്ലാവരും കൂടി കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് ഓടി.

60000 രൂപ ഇത്തരത്തില്‍ ഇദ്ദേഹത്തിന് തിരികെ ലഭിച്ചു. സംഭവമറിഞ്ഞ് പൊലീസുകാര്‍ അടക്കം സ്ഥലത്തെത്തി. ഭക്ഷണ സാധനങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ച് കുരങ്ങുകളെ താഴോട്ടേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി നോക്കി. എന്നാല്‍ ഇതിലൊന്നും കുരങ്ങുകള്‍ വീണില്ല. വിജയ് ബന്‍സാല്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല.

ഏതു വകുപ്പ് പ്രകാരമാണ് കേസെടുക്കുക എന്ന ആശയകുഴപ്പത്തിലാണ് പൊലീസുകാര്‍. തന്റെ സമ്പാദ്യത്തിന്റെ നല്ല ഒരു പങ്കും കുരങ്ങന്‍മാര്‍ കൊണ്ടു പോയതില്‍ വിഷമത്തിലായ ബന്‍സാല്‍ പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാണുവാനുള്ള തയ്യാറെടുപ്പിലാണ്. ആഗ്രയില്‍ അടുത്തിടയായി കുരങ്ങുകളുടെ ശല്ല്യം കൂടി വരികയാണ്. അടുത്തിടെ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശിയേയും മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയേയും കുരങ്ങുകള്‍ ആക്രമിച്ചത് വന്‍ വാര്‍ത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here