തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും 23 കാരനുമായി കെവിന്‍ പി ജോസഫിന്റെ മൃതദേഹമാണ് കൊല്ലത്ത് കണ്ടെത്തിയത്. തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തി ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ട ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനുപയോഗിച്ച ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെ തന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കൊല്ലം തെന്‍മല സ്വദേശിനിയും 20 കാരിയുമായ നീനു ചാക്കോ ഗാന്ധിനഗര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത്.

മൂന്നു കാറുകളിലായാണ് സംഘമെത്തിയത്. ഒപ്പം കടത്തിക്കൊണ്ടുപോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചശേഷം കെവിനുമായി സംഘം രക്ഷപ്പെട്ടു. അനീഷും കെവിനും വെവ്വേറെ വാഹനങ്ങളിലായിരുന്നു. കാറില്‍വെച്ച് ഇരുവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. എന്നാല്‍ കെവിന്‍ പത്തനാപുരത്തുവെച്ച് കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടെന്ന് ഇതിനിടെ സംഘം പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന് പൊലീസ് പറയുന്നു. യുവതിയുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ  ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. നീനുവും കെവിനും 3 വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹത്തിന് ബന്ധുക്കള്‍ നീക്കം നടത്തിയതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി.

എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയപ്പോള്‍ കെവിന്റെ കൂടെ പോവുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

എന്നാല്‍ നീനുവിനെ കെവിന്‍ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റി. കെവിന്‍ മാന്നാനത്തെ വീട്ടിലുമായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമിസംഘം യുവാവിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here