കുട്ടിയെ ഉപേക്ഷിച്ചത് പരിഹാസം ഭയന്ന്

കൊച്ചി :കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ദമ്പതികള്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത് നാണക്കേടും പരിഹാസവും ഭയന്ന്. തങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും നാലാമത്തെ ഒരു കുട്ടിയുടെ ചിലവ് കൂടി നോക്കാനുള്ള പണം ഇല്ലെന്നുമാണ്  ദമ്പതികള്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ഒടുവിലാണ് യഥാര്‍ത്ഥ കാരണം വ്യക്തമായത്. നാലാമത് ഒരു കുട്ടി കൂടി ഉണ്ടായാല്‍ ചുറ്റുമുള്ളവര്‍ പരിഹസിക്കുമെന്ന ഭയമാണ് ദമ്പതികളെ ഈ പ്രവൃത്തിയിലേക്ക് നയിച്ചത്. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയും കുട്ടിയുടെ പിതാവുമായ ബിറ്റോയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്.

ബിറ്റോ കുട്ടിയെ ഉപേക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് ഇയാളെ തിരിച്ചറിഞ്ഞ് പൊലീസില്‍ വിവരം കൈമാറിയത്. കുട്ടിയുടെ അമ്മയ്‌ക്കെതിരേയും കേസെടുക്കും. എന്നാല്‍ പ്രസവശുശ്രൂഷ കാരണം യുവതി ഇപ്പോള്‍ കസ്റ്റഡിയിലല്ല. വെള്ളിയാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍ തന്നെ അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് പോലും വാങ്ങിക്കാതെ ദമ്പതികള്‍ കുട്ടിയെ ഉപേക്ഷിക്കാനായി കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറാനാണ് അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here