തൊഴില്‍ കോളത്തില്‍ ലൈംഗികവൃത്തിയും

വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരുടെ വിസ അപേക്ഷയില്‍ തൊഴില്‍ കോളത്തില്‍ ലൈംഗിക വൃത്തിയും ഉള്‍പ്പെടുത്തി. അതായത് ലൈംഗിക വൃത്തിയും, എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്കായി ചേര്‍ക്കാം. എന്നാല്‍ ചില നിബന്ധനകള്‍ക്ക് അനുസൃതമായേ അപേക്ഷിക്കാനാകൂ.

ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്കുപേഷന്‍സ് (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതകള്‍ പാലിക്കണം. അതായത് സ്‌കില്‍ ലെവല്‍ 5 ല്‍ എത്തിയാലേ ലൈംഗിക വൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ.

കൂടാതെ ഈ തൊഴില്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമാണ്. പ്രസ്തുത രംഗത്ത് മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം അനിവാര്യമുണ്ട്. കൂടാതെ മണിക്കൂറില്‍ ലഭിക്കുന്ന വേതനം സംബന്ധിച്ചുള്ള ആന്‍സ്‌കോയുടെ നിബന്ധനകളും പാലിക്കണം.

അതേസമയം രാജ്യത്ത് തൊഴിലാളി ക്ഷാമമുള്ള തസ്തികകളുടെ പട്ടികയായ സ്‌കില്‍ ഷോട്ടേജില്‍ ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതുവരെ ഈ ജോലിക്കായി വിസ അപേക്ഷ ആരും നല്‍കിയിട്ടില്ല. ലൈംഗികവൃത്തി തൊഴിലാക്കി റസിഡന്‍സ് വിസ കിട്ടുക എളുപ്പമല്ല.

കൂടാതെ താല്‍ക്കാലിക വിസയിലെത്തി ലൈംഗികത്തൊഴിലെടുക്കുന്നതില്‍ വിലക്കുമുണ്ട്. ആന്‍സ്‌കോ നയത്തിന്റെ ഭാഗമായി ഇത്തരമൊരു കാര്യം വിസയില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003 ലാണ് ന്യൂസിലാന്‍ഡ് പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here