നവജാത ശിശുവിനെ അമ്മ കുപ്പത്തൊട്ടിയിലെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: നവജാത ശിശുവിന്റെ നിര്‍ത്താതെയുള്ള കരച്ചിലില്‍ കോപാകുലയായ അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ വിനോദ്പൂരിലാണ് സംഭവം.

25 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ നേഹ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും ദേഷ്യവും കൊണ്ടാണ് കുഞ്ഞിനെ എടുത്തെറിഞ്ഞതെന്ന് യുവതി പറഞ്ഞു.

ഗുരുതരമായ പരിക്കുകള്‍ കാരണം ജി.ടി.ബി ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ വെള്ളിയാഴ്ചയാണ് പോലീസിനെ സമീപിച്ചത്.

തുടര്‍ന്ന് കേസെടുത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് അമ്മ നേഹ സംശത്തിന്റെ നിഴലിലായത്. മാലിന്യം നിക്ഷേപിക്കുന്നിടത്തേക്ക് നേഹ എന്തോ വലിച്ചെറിയുന്നത് കണ്ടിരുന്നെന്ന് ഒരു ദൃക്‌സാക്ഷി പോലീസിനോടു പറഞ്ഞിരുന്നു.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നേഹ കടുംകൈ ചെയ്തതായി വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ നേഹയേയും കൂട്ടി കുഞ്ഞിനെ വലിച്ചെറിഞ്ഞ ഭാഗത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ ജീവനോടെ ലഭിച്ചു.

തുടര്‍ന്ന് കുഞ്ഞിനെ ജിടിബി ഹോസപിറ്റലിലേക്ക് മാറ്റി. വൈകാതെ മരിക്കുകയായിരുന്നു. തലയോട്ടിയില്‍ പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here