നിപാ പകരുന്നത് രോഗം മൂര്‍ഛിക്കുമ്പോള്‍

കോഴിക്കോട് : ഇപ്പോഴുണ്ടായിരിക്കുന്ന രണ്ടാം ഘട്ടത്തോടെ നിപാ ബാധയുടെ പ്രഹരശേഷി കുറയുമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍കുമാര്‍. മൂന്നാം ഘട്ട രോഗബാധയ്ക്ക് സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു. വൈറസ് സ്രോതസ്സില്‍ നിന്ന് നേരിട്ട് ബാധിച്ചവരാണ് ആദ്യ ഘട്ടത്തില്‍ മരിച്ചത്.

ഇവരില്‍ നിന്ന് രോഗം പകര്‍ന്നവരാണ് രണ്ടാം ഘട്ടത്തില്‍ മരണപ്പെട്ടത്. ഇതോടെ രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. രോഗം മൂര്‍ഛിച്ച് നില്‍ക്കുമ്പോഴാണ് പകരാന്‍ സാധ്യതയുള്ളത്. അതിനാല്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്.

രോഗം കൂടിയ നിലയിലായിരിക്കെ രോഗിയുമായി മറ്റുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഇല്ലാതാക്കാനാണ് ഐസൊലേഷന്‍ വാര്‍ഡ്. രണ്ടാംഘട്ടത്തില്‍ രോഗബാധിതരായവരെ മുഴുവന്‍ നിരീക്ഷണത്തില്‍ കൊണ്ടുവന്നതായി ഉറപ്പിക്കാനായാല്‍ ആശങ്കകള്‍ അവസാനിക്കും.

രോഗികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ ആരോഗ്യമുള്ളപ്പോള്‍ നിപാ പകരില്ല. രോഗത്തിന്റെ കാഠിന്യ സമയത്തേ മറ്റൊരാള്‍ക്ക് പകരൂ. ഈ സമയം രോഗി ആശുപത്രിയിലായിരിക്കും. ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചതിനാല്‍ മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത കുറവാണ്.

ഈ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരിലേക്കേ രോഗമെത്താനുള്ള സാധ്യതയേയുള്ളൂ. അതുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മെയ് നാലിന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പേരാമ്പ്ര സ്വദേശിയെ രണ്ട് തവണ സ്‌കാനിംഗിനായി ഇടനാഴിയിലൂടെ കൊണ്ടുപോയിരുന്നു.

ഈ സമയം രോഗി കഠിനമായി ചുമച്ചിരുന്നു. ഇടനാഴിയില്‍ ആ സമയത്തുണ്ടായിരുന്നവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here