വവ്വാലുകളില്‍ നിപാ വൈറസ് ശക്തിപ്പെടുന്നതിങ്ങനെ

കോഴിക്കോട് : ആവാസവ്യവസ്ഥ നഷ്ടമായി ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ വവ്വാലുകളുടെ ശരീരത്തിലെ നിപാ വൈറസിന്റെ സാന്ദ്രത വര്‍ധിക്കുമെന്ന് വിദഗ്ധാഭിപ്രായം. ഈ ഘട്ടത്തില്‍ മൂത്രം, ഉമിനീര്, എന്നിവയിലൂടെ വൈറസ് വന്‍തോതില്‍ പുറംതള്ളപ്പെടും.

ഇത്തരത്തിലാണ് മനുഷ്യരും മൃഗങ്ങളും രോഗബാധയ്ക്ക് ഇരകളാണുന്നതെന്നാണ് കണ്ടെത്തല്‍. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെ വൈറസ് വ്യാപിക്കും. പന്നികള്‍ക്ക് പുറമെ,നായ, കുതിര, പൂച്ച, ആട് എന്നീ മൃഗങ്ങളിലേക്കും രോഗം വ്യാപിക്കാം.

എന്നാല്‍ ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് വിഭാഗത്തിലുള്ള നാലുതരം വവ്വാലുകളാണ് നിപാ വൈറസിന്റെ വാഹകര്‍.

അതേസമയം കോഴിക്കോട്ട് നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി. ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് സംഘം.

ഇത് ലഭിച്ചാലേ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ വിലയിരുത്തലില്‍ എത്താന്‍ സാധിക്കൂ. ഇതിനടുത്ത വീടുകളിലെ 60 പേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 12 പേര്‍ക്കാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 10 പേരാണ് മരിച്ചത്. 8 പേര്‍ കോഴിക്കോട് സ്വദേശികളും രണ്ട് പേര്‍ മലപ്പുറത്തുകാരുമാണ്. രണ്ടുപേര്‍ ചികിത്സയിലുണ്ട്. 18 പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 6 പേര്‍ക്ക് വൈറസ് ബാധയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here