‘വവ്വാലിനെ സാബിത്ത് കയ്യിലെടുത്തിരിക്കാം’

കോഴിക്കോട് : ആദ്യം മരിച്ച സാബിത്തില്‍ നിന്നാകാം ശേഷം മരിച്ച 18 ല്‍ 16 പേര്‍ക്കും നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തില്‍ അരോഗ്യവിദഗ്ധര്‍. സാബിത്തിന് പകര്‍ന്നത് നിപാ വൈറസ്ബാധയുള്ള വവ്വാലില്‍ നിന്ന് നേരിട്ടാകാമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ജി അരുണ്‍കുമാര്‍ പറഞ്ഞു.

വിവിധ വശങ്ങള്‍ പരിശോധിച്ചാല്‍ വവ്വാല്‍ കഴിച്ച പഴങ്ങളില്‍ നിന്നല്ല നിപാ വൈറസ് ബാധിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ കൂടുതല്‍ പേരിലേക്ക് ഇതേ രീതിയില്‍ പടരുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ചിലപ്പോള്‍ വീണുകിടക്കുന്ന വവ്വാല്‍കുഞ്ഞിനെ സാബിത്ത് കൈകൊണ്ട് എടുത്തിട്ടുണ്ടാകാം.

അത്തരത്തിലായിരിക്കാം ശരീരത്തിലെത്തിയതെന്നാണ് നിഗമനം. സാബിത്തിന് പനി മൂര്‍ഛിക്കുന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണ്. ഇവിടെ നിന്നാണ് ലിനിക്കും ഇസ്മായിലിനും പനി പിടിപെടുന്നത്. തുടര്‍ന്ന് സാബിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് സ്‌കാനിങ്ങിനായി രണ്ടുതവണ ഇടനാഴിയിലൂടെ കൊണ്ടുപോയിരുന്നു. വീതിയില്ലാത്ത ഇടനാഴിയാണ്. ആ വഴിയില്‍ രോഗികളും കൂട്ടിരിപ്പുകാരും സ്വാഭാവികമായും ഉണ്ടാകും. സാബിത്തിന് കടുത്ത ചുമയുമുണ്ടായിരുന്നു. അങ്ങനെയാവാം സാബിത്തില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്നത്.

സാബിത്തിനൊപ്പം പേരാമ്പ്ര ആശുപത്രിയിലുണ്ടായിരുന്ന ഇസ്മായിലിനെ പിന്നീട് ബാലുശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് റസിലിലേക്ക് പകര്‍ന്നത്. വലിപ്പമുള്ള സ്രവകണങ്ങളില്‍ നിന്ന് മാത്രമേ നിപാ പകരുകയുള്ളൂ. ചെറിയ കണങ്ങളില്‍ വൈറസിന് അതിജീവിക്കാനാകില്ല.

നിപാ പനി മൂര്‍ഛിക്കുമ്പോഴേ വൈറസ് പകരുകയുള്ളൂ. കടുത്ത പനി ആരംഭിച്ച് 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ശരീരസ്രവങ്ങളിലൂടെയാണ് ഇത് പകരുക. രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് രോഗം പരകരാന്‍ സാധ്യതയുള്ളതെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here