ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ട്.

കുട്ടികള്‍ക്ക് നല്‍കുന്ന തുകയില്‍ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നല്‍കുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകള്‍ക്കായി നല്‍കും. സ്ഥിരനിക്ഷേപമായി നല്‍കുന്ന തുക കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

അതേസമയം നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്.

ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങിയത്. മരണക്കിടക്കയില്‍ നിന്ന് ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here