വ്യാജ പരസ്യത്തെക്കുറിച്ച് ഹോണ്ട ഷോറൂം അധികൃതര്‍

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍, ഹോണ്ട ജനറേറ്റര്‍ മൂവാറ്റുപുഴ ഷോറൂം ഇറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് സ്ഥാപനം. ഹോണ്ട ജനറേറ്റര്‍ ഷോറൂമിലേക്ക് ഡ്രൈവറെ ഉടന്‍ വേണം എന്നായിരുന്നു പരസ്യം. പത്താം ക്ലാസ് വിദ്യാഭ്യാസവും ഫോര്‍ വീലര്‍, ടു വീലര്‍ വാഹന ലൈസന്‍സും യോഗ്യതയായി പറഞ്ഞിട്ടുണ്ട്.

ഇതിന് താഴെ പരിഗണിക്കുന്ന മതം ഹിന്ദു, ക്രിസ്ത്യന്‍ മാത്രം എന്ന് കൂടി എഴുതിയിട്ടുണ്ടായിരുന്നു. 10000 രൂപ വരെ വേതനവും ഇന്‍സെന്റീവും വാഗ്ദാനം ചെയ്ത് കൊണ്ടുള്ളതാണ് പരസ്യം. മുസ്ലീങ്ങളെ ഒഴിവാക്കുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസം മുതല്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും മുസ്ലീങ്ങളുള്‍പ്പെടെ ഷോറൂമില്‍ ജോലി ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനായി ആരോ മനഃപ്പൂര്‍വ്വം ചെയ്തതാണ് ഇതെന്നാണ് മൂവാറ്റുപുഴ ഹോണ്ട ജനറേറ്റര്‍ ഷോറും സെയില്‍സ് മാനേജര്‍ പറഞ്ഞത്.

ബിസിനസ് സംബന്ധമായ ശത്രുതയുടെ പേരില്‍ ആരെങ്കിലും ചെയ്ത വൃത്തികേടാകാനേ സാധ്യതയുള്ളൂ. മതവികാരം വ്രണപ്പെടുത്തി പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി ഇത് ചെയ്ത ആളുകളെ സഹായിക്കുന്ന തരത്തില്‍ ഈ ചര്‍ച്ചയെ വികസിപ്പിക്കേണ്ട എന്ന് കരുതി നിയമപരമായ നടപടികള്‍ക്ക് മുതിരുന്നില്ലെന്ന് ഷോറൂം അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here