ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ നാട്ടുകാര്‍ തിക്കിത്തിരക്കി പിടിവലി കൂടി; ഒടുവില്‍ കുട്ടിയാന ചെരിഞ്ഞു

ബംഗളൂരു : ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കി പിടിവലി കൂടിയതോടെ ഭയവും ക്ഷീണവും മൂലം കുട്ടിയാന ചെരിഞ്ഞു. കര്‍ണാടക ചാംരാജനഗര്‍ ജില്ലയിലെ ഓങ്കോറിലാണ് അത്യന്തം വേദനാജനകമായ സംഭവമുണ്ടായത്. ഭക്ഷണം തേടി കാട്ടില്‍ നിന്ന് ആനക്കൂട്ടം നാട്ടിലേക്കിറങ്ങി. ഇതോടെ ആനകളെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചു. ആള്‍ക്കൂട്ടത്തെ കണ്ട ആനകള്‍ കാട്ടിലേക്ക് തിരികെ പോയി. എന്നാല്‍ ഒരു മാസം പ്രായമുള്ള കുട്ടിയാന മാത്രം ഒറ്റപ്പെട്ടു. അമ്മയെയും സംഘത്തെയും കാണാതായതോടെ കുഞ്ഞന്‍ ആന ആകെ പരിഭ്രമത്തിലായിരുന്നു. അതോടെ അത് നിലവിളിക്കാനും തുടങ്ങി. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ആളുകള്‍ ഫോട്ടോയും സെല്‍ഫിയുമെടുക്കാന്‍ മത്സരിച്ചു. കുട്ടിയാന കരയുമ്പോഴും ആളുകള്‍ ഫോട്ടോയെടുക്കാനുള്ള തിരക്കിലായിരുന്നു. അതിനായി കുട്ടിയാനയ്ക്ക് വേണ്ടി പിടിവലി കൂടുകയായിരുന്നു. അമ്മയാന ദൂരെ ഇതെല്ലാം കണ്ടുനിന്നെങ്കിലും ആള്‍ക്കൂട്ടത്തെ ഭയന്ന് കാട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയില്ല. ആളുകളുടെ പിടിവലിയോടെ കുട്ടിയാന തളര്‍ന്നു. അമ്മയാനയെ കാണാത്തതിലുള്ള പരിഭ്രവും ആള്‍ക്കൂട്ടത്തില്‍പ്പെട്ടുപോയ ഭയവും കൂടിയായപ്പോള്‍ അത് തീര്‍ത്തും അവശനിലയിലായി.വനപാലകര്‍ പാല്‍ നല്‍കിയെങ്കിലും ഭയംകാരണം കുടിക്കാന്‍ അത് കൂട്ടാക്കിയില്ല. കുഞ്ഞന്‍ ആനയെ ആശ്വസിപ്പിക്കാന്‍ വനപാലകര്‍ പരമാവധി ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. ‘24 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും അത് ജീവന്‍ വെടിഞ്ഞു. അവശ നിലയില്‍ കാട്ടിലേക്ക് വിട്ടാലും ഫലമുണ്ടാകുമായിരുന്നില്ലെന്ന് വനപാലകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here