ഒരു ഗ്രാമത്തിലെ 46 പേര്‍ക്ക് എയ്ഡ്‌സ്

ന്യൂഡല്‍ഹി: ഒരു ഗ്രാമത്തിലെ 46 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബംഗാര്‍മാവു പ്രദേശത്താണ് സംഭവം. മെഡിക്കല്‍ സംഘം നടത്തിയ രക്ത പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പി ചൗധരി വെളിപ്പെടുത്തി.

അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് എച്ച്‌ഐവി ബാധിക്കാന്‍ കാരണമായത്. സംഭവത്തില്‍ വ്യാജ ഡോക്ടര്‍ രാജേന്ദ്ര യാദവിനെതിരെ പൊലീസ് കേസെടുത്തു.

സൈക്കിളില്‍ ഗ്രാമത്തില്‍ എത്തിയിരുന്ന യാദവ് 10 രൂപയ്ക്കാണ് ജനങ്ങളെ ചികിത്സിച്ചിരുന്നത്. ജലദോഷം, ചുമ, പനി, തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇയാള്‍ മരുന്നുകളും, കുത്തിവെപ്പുകളും നല്‍കിയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

അതേസമയം ഇയാള്‍ ഒരേ സിറിഞ്ച് തന്നെയാണ് എല്ലാവരുടെ കുത്തിവെപ്പിനും ഉപയോഗിച്ചിരുന്നത്. സൈക്കിളില്‍ എത്തി ഏവരുടേയും സുഖ വിവരങ്ങള്‍ തിരക്കി മരുന്നുകള്‍ നല്‍കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്ത യാദവ് വളരെ പെട്ടെന്നാണ് ഗ്രാമവാസികളുടെ പ്രിയപ്പെട്ടവനായി മാറിയത്.

ബംഗാര്‍മാവുവില്‍ കഴിഞ്ഞവര്‍ഷമാണ് എച്ച്‌ഐവി പടരുന്നതായി കണ്ടെത്തിയത്. ഏപ്രില്‍- ജൂലൈ മാസങ്ങളില്‍ 12 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തി. നവംബറില്‍ 13 പേര്‍ക്ക് കൂടി എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു.

തുടര്‍ന്ന് ആരോഗ്യവിഭാഗം രണ്ടംഗ സമിതിയെ വിഷയം അന്വേഷിക്കാന്‍ നിയോഗിച്ചു. അന്വേഷണത്തില്‍ എച്ച്‌ഐവി ബാധിച്ച എല്ലാവരും ഒരേ ആളില്‍ നിന്ന് കുത്തിവെയ്പ് എടുത്തതായി കണ്ടെത്തി.

ഇതോടെ ബംഗാര്‍മാവുവിലെ പ്രേംഗഞ്ച്, ചക്മിര്‍പുര്‍ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി 566 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ നിന്നാണ് 21 പേര്‍ക്ക് കൂടി എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്.

സംഭവം പുറത്ത് വന്നതോടെ രാജേന്ദ്ര യാദവ് ഒളിവിലാണ്. അതേസമയം തങ്ങളെ ചതിച്ചത് പ്രിയപ്പെട്ട ഡോക്ടര്‍ രാജേന്ദ്ര യാദവ് ആണെന്ന് ഗ്രാമവാസികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നിനും, മറ്റും പുറത്തേക്ക് എഴുതുന്നതാണ് ഇത്തരം ചികിത്സ നേടാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി തരേണ്ട മരുന്നുകള്‍പോലും തരാറില്ലെന്നും, പകരം അവര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കടകളില്‍ ചെന്ന് മരുന്ന് വാങ്ങണമെന്നും ഗ്രാമവാസികളിലൊരാള്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here