ലോറി ബിജെപി നേതാവിന്റേതെന്ന് പൊലീസ്

ബംഗലൂരു :കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട ലോറി ഒരു ബിജെപി നേതാവിന്റേതാണെന്ന് പൊലീസ് കണ്ടെത്തല്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ് ചൊവാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്.

KA 18 A 8733 എന്ന നമ്പറിലുള്ള ലോറിയാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ള പൊലീസ് ജീപ്പുമായി കൂട്ടിയിടിച്ചത്. തനിക്ക് നേരെ ബോധപൂര്‍വമായ കൊലപാതക ശ്രമമാണ് നടന്നതെന്ന് നേരത്തെ മന്ത്രി ആരോപിച്ചിരുന്നു. സംഭവത്തില്‍ നാസര്‍ എന്ന ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തിരുന്നു. മന്ത്രിയുടെ കാറിന് പിന്നില്‍ സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

ട്രക്ക് തന്റെ വാഹനത്തിന് നേരെയാണ് പാഞ്ഞടുത്തതെന്നും എന്നാല്‍ ഞങ്ങള്‍ അതിവേഗം മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്ന് പുറകിലുള്ള പൊലീസ് ജീപ്പ്
അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും സംഭവത്തിന് ശേഷം അനന്ദ് കുമാര്‍ ഹെഗ്ഡെ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ലോറി പുറകോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൊലീസ് ജീപ്പില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മാത്രമല്ല ലോറിയുടെ യഥാര്‍ത്ഥ ഉടമ രേഖകള്‍ പ്രകാരം ബെലഗുള സ്വദേശിയായ നാഗേഷ് എന്ന വ്യക്തിയാണ്. നാഗേഷ് എന്‍ആര്‍ പുര താലൂക്കിലെ ബിജെപി താലൂക്ക് സെക്രട്ടറി കൂടിയാണ്. ഫെബ്രുവരി 16 നാണ് നാഗേഷിന്റെ കൈയ്യില്‍ നിന്നും നാസിര്‍ അഹമ്മദ് എന്ന വ്യക്തി ലോറി വാങ്ങിയത്. 2.91 ലക്ഷം രൂപയ്ക്കാണ് ലോറിയുടെ കച്ചവടം ഉറപ്പിച്ചത്. എന്നാല്‍ 2 ലക്ഷം രൂപ മാത്രമേ നാസിര്‍ അഹമ്മദിന് നാഗേഷിന് നല്‍കുവാന്‍ സാധിച്ചുള്ളു. ചില പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസം അവസാനത്തില്‍ മുഴുവന്‍ പണവും നാസിര്‍ അഹമ്മദ് നല്‍കിയെങ്കിലും രജിസ്‌ട്രേഷനിലെ ബാക്കി നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല.

അതു കൊണ്ട് തന്നെ ലോറി ഇപ്പോഴും ഈ ബിജെപി നേതാവിന്റെ പേരിലാണ്. അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ഇതൊരു കൊലപാതക ശ്രമമാണെന്ന് വരുത്തി തീര്‍ക്കാനുള്ള അനന്ദ് കുമാര്‍ ഹെഗ്ഡയുടെയും ബിജെപി നേതൃത്വത്തിന്റെയും ശ്രമത്തെ ഇന്നലെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ട്രക്ക് ഇപ്പോഴും ബിജെപി നേതാവിന്റെതാണെന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here