പാചകക്കാരന്‍ മുങ്ങി; മാതാപിതാക്കള്‍ ബോധരഹിതരായി

കൊച്ചി : വിവാഹത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെ തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ തളര്‍ന്നുവീണു. എറണാകുളം പനങ്ങാട് ഞായറാഴ്ചയായിരുന്നു സംഭവം.

പനങ്ങാട് വിഎം ഭജന ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. പനങ്ങാട് സ്വദേശിനിയായിരുന്നു വധു. എഴുപുന്നക്കാരനാണ് വരന്‍. കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് വിരുന്നുസംഘം രാവിലെ ഹാളിലെത്തി.

എന്നാല്‍ പതിനൊന്ന് മണി കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. പനങ്ങാട് സ്വദേശി സൈജുവാണ് അന്‍പതിനായിരം രൂപ മുന്‍കൂര്‍ വാങ്ങി സദ്യയ്ക്ക് കരാറുറപ്പിച്ചത്. ഇതോടെ പ്രദേശവാസികള്‍ സൈജുവിനെ അന്വേഷിച്ച് കാറ്ററിങ് സെന്ററിലെത്തി.

എന്നാല്‍ ഇയാള്‍ ഭക്ഷണം തയ്യാറാക്കാതെ മുങ്ങിയതായി കണ്ടെത്തി. ഇതറിഞ്ഞതോടെ വധുവിന്റെ മതാപിതാക്കള്‍ ബോധംകെട്ടുവീണു. പച്ചക്കറികള്‍ അരിഞ്ഞ് വെയ്ക്കാനല്ലാതെ തങ്ങള്‍ക്ക് മറ്റ് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്റെ സഹായികള്‍ വ്യക്തമാക്കി.

ഇതോടെ പ്രദേശവാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സമീപത്തെ ഹോട്ടലുകളില്‍ നിന്നും കാറ്ററിങ് സെന്ററുകളില്‍ നിന്നും ഭക്ഷണം എത്തിച്ചു. ചിക്കന്‍ബിരിയാണിയും വെജിറ്റേറിയന്‍ സദ്യയും എത്തിച്ച് വിരുന്നുകാര്‍ക്ക് നല്‍കി.

വരന്റെ കുടുംബം സഹകരിച്ചതോടെ മറ്റുപ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ നടന്നു. കരാറുകാരനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇവര്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here