നിക്കോളാസ് ക്രൂസ് കുറ്റസമ്മതം നടത്തി

വാഷിങ്ടണ്‍ : തലയ്ക്കകത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താന്‍ കുട്ടികളടക്കം 17 പേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയതെന്ന് 19 കാരനായ നിക്കോളാസ് ക്രൂസ്. ഫ്‌ളോറിഡ,പാര്‍ക്‌ലാന്‍ഡിലെ മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം.സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ക്രൂസ്. സംഭവത്തെക്കുറിച്ച് ഇയാളുടെ മൊഴി ഇങ്ങനെ. തലയ്ക്കകത്ത് നിന്നുണ്ടായ വെളിപാടിന് അനുസരിച്ചാണ് തോക്കുമായി സ്‌കൂള്‍ ലക്ഷ്യമിട്ടെത്തിയത്. പുറത്തുണ്ടായിരുന്ന 3 പേരെ വെടിവെച്ചിട്ടു.

തുടര്‍ന്ന് കോമ്പൗണ്ടില്‍ പ്രവേശിച്ച് നിറയൊഴിക്കുകയായിരുന്നു. തന്റെ ബാഗില്‍ തിരകള്‍ കരുതിയിരുന്നു. എആര്‍ 15 തോക്കുപയോഗിച്ചാണ് നിറയൊഴിച്ചത്. ഗ്രൗണ്ടിലും വരാന്തകളിലുമുള്ള കുട്ടികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നേരെ തുരുതാരാ വെടിവെച്ചു.

തുടര്‍ന്ന് ആയുധം ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു. സംഭവശേഷം ഒരു മണിക്കൂറിന് ശേഷമാണ് ക്രൂസ് പിടിയിലാകുന്നത്. ക്രൂസിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതാണ്. തോക്കുകളോട് നേരത്തേ തന്നെ ഏറെ കൗതുകമുള്ളയാളാണ് ക്രൂസ് എന്ന് സഹപാഠികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തോക്കുമായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ തന്റെ രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും ഇയാള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. സഹപാഠികളെ ഈ 19 കാരന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മുന്‍പ് പരാതി കിട്ടിയിട്ടുണ്ടെന്ന് അദ്ധ്യാപകരും വ്യക്തമാക്കുന്നു.

വധശിക്ഷ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here