തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക് പോയ പാറ്റ്‌ന-കോട്ട എക്‌സ്പ്രസ്സിലാണ് ദാരുണ സംഭവം. കാണ്‍പുര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ എന്ന വ്യവസായി മരിച്ചത്.

ഈ വണ്ടിയിലെ മൂന്നാംക്ലാസ് എസി കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് രാവിലെ 6 മണിക്ക് സഞ്ജയ് കുമാര്‍ ട്രെയിനില്‍ കയറിയത്. 7 മണിയോടെ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഭാര്യയോട് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി സഞ്ജയ് പറഞ്ഞിരുന്നു.

കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് ഭാര്യ സഞ്ജയ് കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ആഗ്രയില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ സഞ്ജയ് അവിടെ എത്തിയിട്ടില്ലെന്നുള്ള വിവരം ലഭിച്ചു. ഇതോടെ ഇവര്‍ റെയില്‍വേ പോലീസിനെ വിവരമറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ പരാതി നല്‍കി.

12.30 നായിരുന്നു ട്രെയിന്‍ കോട്ടയില്‍ എത്തേണ്ടത്. എന്നാല്‍ ആറുമണിക്കൂര്‍ വൈകിയായിരുന്നു ട്രെയിന്‍ എത്തിയത്. തുടര്‍ന്ന് കോട്ടയില്‍ നിന്ന് തീവണ്ടി തിരികെ പാറ്റ്‌നയിലെത്തിയതിന് ശേഷം സഞ്ജയുടെ മൃതദേഹം ശൗചാലയത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും മൃതദേഹവുമായി ട്രെയിന്‍ 1.500 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചിരുന്നു.

ഭാര്യയുമായി സംസാരിച്ചതിനുശേഷം ടോയ്‌ലെറ്റിലേക്ക് പോയ സഞ്ജയ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് വിവരം. സഞ്ജയ്കുമാറിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റെയില്‍വേ പോലീസ് കാണ്‍പുര്‍ പോലീസിനെ വിവരമറിയിച്ചപ്പോഴാണ് മെയ് 24 മുതല്‍ ഇയാളെ കാണാനില്ല എന്ന പരാതിയുണ്ടായിരുന്നുവെന്ന വിവരം ലഭിക്കുന്നത്.

ഭാര്യ പരാതി നല്‍കിയിട്ടും 72 മണിക്കൂറോളമാണ് സഞ്ജയ് ട്രെയിനില്‍ മരിച്ചു കിടന്നത്. ശുചീകരണ തൊഴിലാളികളോ റെയില്‍വേ പൊലീസോ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയില്ലെന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും സഞ്ജയ് കുമാറിന്റെ ഭാര്യ നല്‍കിയ വിവരം റെയില്‍വേ പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്നിട്ടു കൂടി. അതേസമയം സഞ്ജയ് കുമാറിന്റെ ഭാര്യ തങ്ങള്‍ക്ക് നല്‍കിയ തീവണ്ടിയുടെ നമ്പര്‍ തെറ്റായിരുന്നുവെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here