ആമി നിരോധിക്കണം ; ചിത്രത്തിനെതിരെ ഹര്‍ജി

കൊച്ചി :വിവാദങ്ങള്‍ വിട്ടൊഴിയാതെ കമലിന്റെ ആമി. ഏറ്റവുമൊടുവിലായി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ പി രാമചന്ദ്രന്‍ എന്ന അഭിഭാഷകന്‍.

ചിത്രം ലവ് ജിഹാദിനെ നീതീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഹര്‍ജിയിലുണ്ട്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, വിഷയത്തില്‍ മറുപടി നല്‍കാന്‍  കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, ചിത്രത്തിന്റെ സംവിധായകന്‍ കമല്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അന്തരിച്ച പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന സിനിമയാണ് ആമി. അവസാന കാലത്ത് മാധവിക്കുട്ടി മുസ്ലീം മതം സ്വീകരിച്ച് കമലാ സുരയ്യയായി മാറിയ ഭാഗത്ത് സിനിമയില്‍ ചില വളച്ചൊടിക്കലുകള്‍ നടത്തിയതായാണ് ഹര്‍ജിക്കാരന്റെ വാദം.

ഇതാദ്യമായല്ല കമലിന്റെ ആമി വിവാദത്തിലകപ്പെടുന്നത്. നേരത്തെ മാധവിക്കുട്ടിയായി വേഷമിടാന്‍ തീരുമാനിച്ച വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ തന്നെ ആമി വിവാദത്തിലകപ്പെട്ടിരുന്നു. പിന്നീടാണ് മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി വേഷമിടുന്നതും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതും.ഇതിനിടയിലും വിവിധ സമുദായ സംഘടനകള്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെ പ്രതി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here