ഇന്ധനവില വര്‍ധനവിലൂടെ തീവെട്ടിക്കൊള്ള; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ മോദി സര്‍ക്കാരിന്റെ ഒളിച്ചുകളി

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 67 രൂപയും കടന്നു. ദിനംപ്രതി പെട്രോളിന് ശരാശരി 12 പൈസയും ഡീസലിന് 20 പൈസയും വര്‍ധിക്കുകയാണ്. അധികാരത്തിലേറിയാല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.  എന്നാല്‍ ബിജെപി ഭരണത്തിലേറിയപ്പോള്‍ വില എല്ലാദിനവും വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തത്. ജൂണ്‍മുതല്‍ ഇന്ധനവില ദിവസവും വര്‍ധിക്കുന്നു.ജനം നട്ടം തിരിയുമ്പോള്‍ ഇളവ് നല്‍കി സമാശ്വാസമേകാന്‍ മോദി സര്‍ക്കാര്‍ ഒരുക്കമല്ല. കേന്ദ്രസര്‍ക്കാര്‍ അഭിമാന പദ്ധതിയായാണ് ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി രാജ്യത്ത് നടപ്പാക്കിയത്.അപൂര്‍വം ഉല്‍പ്പന്നങ്ങളൊഴികെ മറ്റെല്ലാ സാധനങ്ങളും സേവനങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി.അതിനാല്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും വാഹനങ്ങള്‍ക്ക് തന്നെയും വില കുറഞ്ഞതായി വിലയിരുത്താനാകും.എന്നാല്‍ പൊതുജനത്തിന് ഏറ്റവും ആവശ്യമായ പെട്രോളോ ഡീസലോ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതിന്റെ കാരണം മറ്റൊന്നുമല്ല പെട്രോളിനും ഡീസലിനും 57 ശതമാനമാണ് നികുതി.ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നികുതിയിളവ് സംഭവിക്കും. അപ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന വരുമാനം കുറയും. അതിനാല്‍, പൗരന്‍മാരെ കൊള്ളയടിക്കുന്ന നടപടി തിരുത്താന്‍ മോദി സര്‍ക്കാര്‍ ഒരുക്കമല്ല.എണ്ണവിലയുടെ പേരില്‍ പൊതുജനത്തെ പിഴിയുന്നത് എങ്ങനെയെന്ന് നോക്കാം. പെട്രോളിനും ഡീസലിനും ചുമത്തിയിരിക്കുന്ന 57 ശതമാനം നികുതിയില്‍ 34 ശതമാനം സംസ്ഥാനത്തിന്റെ വാറ്റും 23 ശതമാനം കേന്ദ്രത്തിന്റെ എക്സൈസ് തീരുവയുമാണ്.അതായത് എണ്ണവിലയുടെ പകുതിയിലേറെയും ഉപഭോക്താവ് ടാക്സ് ഇനത്തിലാണ് നല്‍കുന്നതെന്ന് അര്‍ത്ഥം. ഇവ രണ്ടും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ 28 ശതമാനം നികുതിയേ ചുമത്താനാകൂ.ചരക്ക് സേവന നികുതിയായി ചുമത്താവുന്നത് പരമാവധി 28 ശതമാനമാണ്. അപ്പോള്‍ ഇന്ധനവിലയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടാകും. അങ്ങനെ വരുമ്പോള്‍ പെട്രോള്‍ വിലയില്‍ 16 രൂപയുടെ വരെ കുറവുണ്ടാകും.ഫലത്തില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ ജനത്തിന് അത് ഏറെ ആശ്വാസകരമാകും. ഇനി അവശ്യവസ്തുവെന്ന് കരുതി പരിഗണിച്ച് സര്‍ക്കാരിന് 28 ശതമാനത്തില്‍ നിന്ന് നികുതി നിരക്ക് കുറയ്ക്കുകയുമാകാം.അങ്ങനെയെങ്കില്‍ വിലയില്‍ വലിയ വ്യത്യാസമുണ്ടാകും. പക്ഷേ ഈ ഇളവ് അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോ ഒരുക്കമല്ല.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ അത് വന്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഭരണ നേതൃത്വം. അതിനാല്‍ ജിഎസ്ടി പരിധിയില്‍ ഇവ ഉള്‍പ്പെടുത്തണ്ടതില്ലെന്നാണ് നിലപാട്.പക്ഷേ ഇന്ത്യയിലെ പോലെ ലോകത്ത് ഒരിടത്തും ഇന്ധനവിലയ്ക്ക് ഇത്രയേറെ നികുതിഭാരമില്ല. എന്നിട്ടും ജിഎസ്ടിയുടെ പരിധിയില്‍പ്പെടുത്തി ജനത്തിന് ഇളവനുവദിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുക്കമല്ല.സംസ്ഥാനങ്ങള്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ ഒരുക്കമാണെന്ന ഒഴുക്കന്‍ മറുപടിയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടേത്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്.അങ്ങനെയെങ്കില്‍ സര്‍ക്കാരിന് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സമവായമുണ്ടാക്കിക്കൂടേയെന്ന ചോദ്യത്തിന് മോദി സര്‍ക്കാരിന് ഉത്തരവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here