പ്രവാസി വനിതയുടെ വിജയഗാഥ

അബുദാബി :ദുബായ് പലര്‍ക്കും ഒരു ഭാഗ്യ നഗരമാണ്. ഓരോ പ്രവാസിയെ സംബന്ധിച്ചെടുത്തോളവും തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള പ്രിയ നഗരമാണ് ദുബായ്.

സ്വന്തം അദ്ധ്വാനത്താലും  ലക്കി ഡ്രോയിലൂടെയും അങ്ങനെ പല വഴികളിലൂടെയും ദുബായില്‍ നിന്ന് ജീവിതം വിജയം കൈവരിച്ചവരില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരുമുണ്ട്. ദുബായില്‍ സ്വന്തം അധ്വാനത്തിന്റെ ഫലമായി ജീവിത വിജയം കൈവരിച്ച ഒരു ഫിലിപ്പന്‍ സ്വദേശിനിയായ യുവതിയുടെ കഥ ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.

സമര്‍ത്ഥമായി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ തനിക്ക് കിട്ടുന്ന ശമ്പളം എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കണമെന്നത് കൂടി ഒരു പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ദുബായിലെ വിവിധ സ്വകാര്യ കമ്പനികളില്‍ ജോലി നോക്കുന്ന ഗിന ഗല്‍വേറോ എന്ന ഫിലിപ്പനി സ്വദേശിക്ക് ഇന്ന് നാട്ടില്‍ സ്വന്തമായുള്ളത് മൂന്ന് അപ്പാര്‍ട്ട്‌മെന്റുകളാണ്.

30 വയസ്സു വരെ തന്റെ മാസശമ്പളത്തെ മാത്രം ആശ്രയിച്ച് അടിച്ച് പൊളിച്ച് ജീവിച്ചിരുന്ന യുവതിയായിരുന്നു ഗിന. പിന്നീടാണ് സമ്പാദ്യ ശീലത്തിന്റെ മഹത്വത്തെ പറ്റി യുവതി മനസ്സിലാക്കുന്നത്.

തവണകളായി പണമടച്ചാണ് ഗിന നാട്ടില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കുന്നത്. 24 തവണകളായാണ് പണമടയ്‌ക്കേണ്ടത്. ശമ്പളത്തില്‍ നിന്നും മിച്ചം പിടിക്കുന്ന പണം കൊണ്ടാണ് ഗിന അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങി കൂട്ടുന്നത്.

മൊത്തം പത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങണമെന്നതാണ് ലക്ഷ്യം. ഓരോ വര്‍ഷവും ഓരോ അപ്പാര്‍ട്ട്‌മെന്റ് എന്ന നിലയ്ക്കാണ് ഗിന ഇപ്പോള്‍ തന്റെ ലക്ഷ്യം ക്രമീകരിച്ച് വെച്ചിരിക്കുന്നത്. ഇപ്പോള്‍ മാസ ശമ്പളത്തിന് പുറമെ ഈ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള വാടക പണവും ഈ ഉദ്യമത്തില്‍ ഗിനയ്ക്ക് കൂട്ടായുണ്ട്.

നാളെ ഒരു പക്ഷെ ജോലി ഇല്ലാതായാലോ എന്ന പേടി ഇല്ലാതാക്കാന്‍ ശമ്പളത്തിന് പുറമെ ഒരു രണ്ടാമത്തെ വരുമാന മാര്‍ഗ്ഗം എപ്പോഴും നല്ലതാണെന്നാണ് ഗിനയുടെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here