ആത്മഹത്യാനാടകം പൊളിഞ്ഞതില്‍ കുടുങ്ങി

തലശ്ശേരി: കൃത്യമായ ആസൂത്രണത്തിലൂടെ സൂക്ഷ്മതയോടെയാണ് സൗമ്യ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ തിരക്കഥകള്‍ ഓരോന്നായി പൊളിഞ്ഞു.

കുരുക്കില്‍ അകപ്പെടുമെന്നായപ്പോഴാണ് രക്ഷാമാര്‍ഗമായി ആത്മഹത്യാ നാടകം നടത്തിയത്. എന്നാല്‍ ഇതുകൂടിയായതോടെ യുവതി പൂര്‍ണ്ണമായും അകപ്പെട്ടു. 2012 സെപ്റ്റംബര്‍ 9 നാണ് ഒന്നരവയസ്സുകാരി കീര്‍ത്തന മരിക്കുന്നത്.

ശര്‍ദ്ദിയും തുടര്‍ന്നുള്ള അവശതകളുമായിരുന്നു മരണകാരണം. 2018 ജനുവരി 21 ന് എട്ടുവയസ്സുകാരി ഐശ്വര്യ കിഷോര്‍ മരിച്ചു. രോഗകാരണം ഛര്‍ദ്ദി. എന്തോ പ്രത്യേക ശാരീരികാവസ്ഥയാല്‍ കുട്ടികള്‍ മരണപ്പെട്ടതായാണ് ബന്ധുക്കള്‍ കരുതിയത്.

എന്നാല്‍ 2018 മാര്‍ച്ച് 7 ന് സൗമ്യയുടെ അമ്മ കമലയും മരണപ്പെട്ടു. കുട്ടികളുടേതിന് സമാന രീതിയിലായിരുന്നു ഇവരുടെയും അന്ത്യം. മൂന്ന് ദിവസം മാത്രം ആശുപത്രിയില്‍ കഴിഞ്ഞശേഷം ആരോഗ്യവതിയായ കമല മരിച്ചത് സംശയത്തിന് വഴിവെച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല. എന്നാല്‍ ഏപ്രില്‍ 13ന് മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചു. അജ്ഞാതരോഗമാണ് മരണകാരണമെന്ന് സ്ഥാപിക്കാന്‍ സൗമ്യ തിരക്കഥകള്‍ തയ്യാറാക്കി.

കിണറിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്ന് പ്രചരിപ്പിച്ചു. സൗമ്യയിലും സമാന ശാരീരികാസ്വാസ്ഥ്യങ്ങള്‍ കണ്ടാണ് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഈ നാടകം പൊളിഞ്ഞു.

ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ചാറ്റില്‍ ഏര്‍പ്പെട്ടത് ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംശയത്തിനിടയാക്കി. തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും സൗമ്യയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

ഇതിനിടെ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നിരുന്നു. അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം ശരീരത്തിലുണ്ടായിരുന്നതായി കണ്ടെത്തി.

ഇതോടെ പൊലീസ് അന്വേഷണം സൗമ്യയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സൗമ്യയുമായി അടുപ്പമുള്ളവരിലേക്കും അന്വേഷണം നീണ്ടു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചു. വഴിവിട്ട ബന്ധങ്ങള്‍ക്കുള്ള തടസം നീക്കാനാണ് മൂവരെയും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി.

ഒരിക്കലും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മകള്‍ തന്നെ കണ്ടതാണ് അവളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും പിന്നീട് മാതാപിതാക്കളെയും വിഷം നല്‍കി ഇല്ലാതാക്കുകയായിരുന്നുവെന്നും സൗമ്യ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here