മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 10.30 യോടെയായിരുന്നു മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പലരും പലതും പറഞ്ഞു പരത്താന്‍ ശ്രമിക്കുമെന്നും അതൊന്നും കാര്യമാക്കേണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പിണറായി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

കോടതി കേസ് പരിഗണിക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് ജാമ്യം ലഭിക്കരുതെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മധുവിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലടക്കം തെറ്റായ രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കുറ്റക്കാരെ കണ്ടുപിടിച്ച് വേണ്ട നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ആരോഗ്യ മന്ത്രി കെ കെ ശൈലജ, എംബി രാജേഷ് എംപി, എം. ഷംസുദ്ദിന്‍ എംഎല്‍എ, പി. ശശി എംഎല്‍എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷം ആദിവാസി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗത്തിലും മുഖ്യമന്ത്രി പങ്ക് കൊണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here