കൊലപാതക കേസ് അന്വേഷണം പൊലീസ് അട്ടിമറിച്ചു?

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ലതേഹാറില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോരക്ഷാ ഗുണ്ടകള്‍ നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്. ഝബ്ബര്‍ ഗ്രാമത്തില്‍ ഗോരക്ഷയുടെ പേരില്‍ 2016 മാര്‍ച്ച് 18 നാണ് 32 വയസുകാരനായ മജ്‌ലൂം അന്‍സാരിയെയും വിദ്യാര്‍ത്ഥി ഇംതിയാസ് ഖാനെയും കൊന്ന് മരത്തില്‍ കെട്ടി തൂക്കിയത്. കേസില്‍ 17 മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

ഇപ്പോഴിതാ ദൃക്‌സാക്ഷി മൊഴി ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. കൊലപാതകത്തില്‍ പങ്കാളിയായ ബിജെപി നേതാവ് വിനോദ് പ്രജാപതിക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. വിനോദ് പ്രജാപതിയെ അറസ്റ്റ് ചെയ്യണം. പ്രതികളുടെ ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കണം.

ഹിന്ദുത്വ സംഘടനകളുടെ ഇടപെടല്‍ പരിശോധിക്കണം. പൊലീസ് അനാസ്ഥക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചു. പ്രതികളുടെ കുറ്റസമ്മതമൊഴിയും ദൃക്‌സാക്ഷി മൊഴിയും കൃത്യമായി രേഖപ്പെടുത്തിയില്ല. കുറ്റപത്രം ദുര്‍ബലമായിരുന്നു. കേസിലെ 8 പ്രതികളും 6 മാസത്തിനകം ജാമ്യം നേടി.

ജാമ്യം തടയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മജ്‌ലൂമും ഇംതിയാസും എട്ട് മൂരിക്കുട്ടന്മാരുമായി പോകുന്നത് കണ്ട് മൊബൈല്‍ വഴി വിളിച്ചറിയിച്ചാണ് സംഘം പിന്തുടര്‍ന്നതും കൃത്യം നടപ്പാക്കിയതും. ബലൂമത്തിലെ ഇറച്ചിക്കാര്‍ക്ക് ഉരുക്കളെ വിതരണം ചെയ്യുന്നവരായതിനാല്‍ വെറുതെ വിടരുതെന്ന് തീരുമാനിച്ചാണ് കൊല നടത്തിയത്. ഇരുവരെയും മര്‍ദിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here