മോഷ്ടാവിനെ പിടിച്ച യുഎഇ പൗരനെ ആദരിച്ച് പൊലീസ്

ദുബായ് :വിദേശ സഞ്ചാരികളുടെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിച്ച എമിറേറ്റ്‌സ് പൗരനെ ആദരിച്ച് യുഎഇ സര്‍ക്കാര്‍. ഹമ്ദി ബന്‍സി എന്ന യുഎഇ പൗരനാണ് സാഹസികത നിറഞ്ഞ നീക്കത്തിലൂടെ ദുബായ് പൊലീസിന്റെ അംഗീകാരം ഏറ്റുവാങ്ങിയത്.

തന്റെ വീട്ടിന് മുന്നില്‍ വെറുതെ സമയം ചിലവഴിച്ചു കൊണ്ടിരിക്കുകയാണ് തൊട്ടടുത്തായി ഒരു യുറോപ്യന്‍ ദമ്പതികള്‍ പരിഭ്രാന്തരായി നില്‍ക്കുന്ന കാഴ്ച്ച കണ്ടത്. ഹമ്ദി ഇവര്‍ക്ക് അരികിലെത്തി കാര്യങ്ങള്‍ തിരക്കി. കാഴ്ച്ചയില്‍ ഏഷ്യന്‍ സ്വദേശികളായ മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ ഭാര്യയുടെ ബാഗ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞ കാര്യം യുറോപ്യന്‍ സഞ്ചാരി ഇദ്ദേഹത്തോട് ഭീതിയോടെ പറഞ്ഞു.

മോഷ്ടാക്കള്‍ രക്ഷപ്പെട്ട ദിശയും ഇവര്‍ യുവാവിന് ചൂണ്ടിക്കാട്ടി. ഉടന്‍ തന്നെ ആ വഴിയിലേക്ക് ഓടിയ ഹമ്ദി കവര്‍ച്ചാ സംഘത്തെ വഴിയില്‍ കണ്ടു മുട്ടി. തുടര്‍ന്ന് നടന്ന സംഘട്ടനത്തിനൊടുവില്‍ മോഷ്ടാക്കളില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ മോഷണ സംഘത്തില്‍ അംഗമായ ഒരു യുവാവിനെ ഹമ്ദി കീഴടക്കി. ഇയാളില്‍ നിന്നും ബാഗ് തിരിച്ചെടുത്ത് യുറോപ്യന്‍ കുടുംബത്തിന് നല്‍കി.

ശേഷം പൊലീസെത്തി കള്ളനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ബാക്കിയള്ളവരും അറസ്റ്റിലായി. ഇതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് ഇദ്ദേഹത്തെ തങ്ങളുടെ ഓഫീസില്‍ വെച്ച് ആദരിക്കുവാന്‍ തീരുമാനിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ് യുവാവ്. ഒരു യുഎഇ പൗരനെന്ന നിലയിലുള്ള തന്റെ കടമയാണ് താന്‍ നിര്‍വഹിച്ചതെന്ന് ഹമ്ദി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here