8 അംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം : വാഴക്കാട്ട് എട്ടംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. വീട് കത്തിക്കാന്‍ ശ്രമിച്ച അയല്‍വാസി അലിയെ പൊലീസ് പിടികൂടി. അബൂബക്കര്‍ എന്നയാളുടെ വീടിന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിച്ചത്.

വീട് കത്തിക്കാനുള്ള ശ്രമം സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഇതോടെയാണ് അയല്‍വാസി പിടിയിലായത്. ഈ സമയം വീട്ടില്‍ അബൂബക്കറിന്റെ മക്കള്‍ക്ക് പുറമെ അവധി ആഘോഷിക്കാന്‍ ബന്ധുവീടുകളില്‍ നിന്നെത്തിയ രണ്ട് കുട്ടികളും അടക്കം 8 പേരുണ്ടായിരുന്നു.

കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിക്ക് സമീപമാണ് തീപ്പിടിച്ചത്. അബൂബക്കറും ഭാര്യയും അപ്പുറത്തെ മുറിയിലായിരുന്നു. തീയും പുകയും കണ്ട് കുട്ടികള്‍ ബഹളം വെച്ചതോടെയാണ് എല്ലാവരും ഉണരുന്നത്.

നാട്ടുകാരും ഓടിക്കൂടി തീ കെടുത്തുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ മണ്ണെണ്ണയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്നാണ് സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചത്.

അലി എന്നയാള്‍ മണ്ണെണ്ണയുമായി പോകുന്നത് ദൃശ്യങ്ങളുണ്ടായിരുന്നു. അടക്ക കച്ചവടവുമായി ബന്ധപ്പെട്ട തകര്‍ക്കത്തെ തുടര്‍ന്നാണ് വീട് കത്തിക്കാന്‍ ശ്രമിച്ചതെന്ന് അലി പൊലീസിനോട് പറഞ്ഞു. ആളുകളെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നാശനഷ്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ്‌ ഇയാളുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here