പ്രവാസി വനിത ബാത്ടബ്ബില്‍ മരിച്ച നിലയില്‍

ഫരീദാബാദ് : ഹരിയാനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ടബ്ബില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 കാരി റിതുകുമാറാണ് ദുരൂഹ സാചര്യത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ ലണ്ടനിലാണ് സ്ഥിരതാമസം. അവധിക്ക് ഇന്ത്യയിലെത്തിയ റിതുകുമാര്‍ ഏപ്രില്‍ 22 മുതല്‍ പ്രസ്തുത ഹോട്ടലിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ മുതല്‍ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും റിതുവിനെ കിട്ടിയിരുന്നില്ല.

ഒരു ദിവസം മുഴുവന്‍ വിളിച്ചിട്ടും മറുപടിയില്ലാതായതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് ബാത്ടബ്ബില്‍ മൃതദേഹം കണ്ടെത്തിയത്.

മുറിയിലേക്ക് ആരെയും കടത്തിവിടരുതെന്ന് റിതു നിര്‍ദേശിച്ചിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഫോണ്‍ കോളുകള്‍ അനുവദിക്കരുതെന്നും പറഞ്ഞിരുന്നു. സര്‍വീസിന് പോലും ആരെയും മുറിയിലേക്ക് അയച്ചിരുന്നില്ലെന്നും അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. ഫരീദാബാദിലെ ഒരു വ്യവസായിയായിരുന്നു റിതുവിന്റെ ഭര്‍ത്താവ്. എന്നാല്‍ 40 കാരി ഇദ്ദേഹവുമായി പിരിഞ്ഞ് കഴിയുകയാണ്.ഡല്‍ഹി സ്വദേശിനിയാണ് റിതു.

LEAVE A REPLY

Please enter your comment!
Please enter your name here