ബിജെപിയുടെ ബലിദാനി ലിസ്റ്റ് വിവാദത്തില്‍

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ കുരുക്കിലാക്കി ബലിദാനികളുടെ ലിസ്റ്റ്. ജീവിച്ചിരിക്കുന്നവരുടെയും ആത്മഹത്യ ചെയ്തവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ബലിദാനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അശോക് പൂജാരെ എന്ന വ്യക്തി താന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പാര്‍ട്ടി ഉയര്‍ത്തിയ വാദങ്ങള്‍ പൊളിക്കുന്നതായിരുന്നു അശോക് പൂജാരെയുടെ മൊഴി. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും ചിക്കമംഗലൂരു ലോക്‌സഭാ അംഗവുമായ ശോഭ കരന്തലജെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഈ ബലിദാനികളുടെ ലിസ്റ്റ് അയച്ചു നല്‍കിയത്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള ഭരണത്തിനിടയില്‍ കൊല്ലപ്പെട്ട 23 ബലിദാനികള്‍ എന്ന പേരിലാണ് ഈ ലിസ്റ്റ് ശോഭ കരന്തലജെ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചത്.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ട ഹിന്ദു/ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ന തലക്കെട്ടോടെയാണ് ശോഭയുടെ കത്ത്. എന്നാല്‍ 23 അംഗ ലിസ്റ്റിലെ ആറോളം പേര്‍ മറ്റു പല കാരണങ്ങളാലും കൊല ചെയ്യപ്പെട്ടതാണെന്നും അശോക് പൂജാരെ എന്ന വ്യക്തി മരിച്ചിട്ട് പോലുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.

അശോക് പൂജാരെ
2015 സപ്തംബര്‍ 20 ന് സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു എന്ന പേരില്‍ അശോക് പൂജാരെയുടെ പേര് ലിസ്റ്റില്‍ ഒന്നാമതായാണ് ഇടം പിടിച്ചിട്ടുള്ളത്. എന്നാല്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഇദ്ദേഹം സെപ്തംബര്‍ 20 ന് ആക്രമിക്കപ്പെട്ടിരുന്നുവെങ്കിലും 15 ദിവസത്തെ ത്രീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നതായി ഇദ്ദേഹം തന്നെ വെളിപ്പെടുത്തി.

കാര്‍ത്തിക രാജ് ,മംഗളൂരു
മംഗളൂരു സ്വദേശിയായ കാര്‍ത്തിക് രാജ് ഒക്ടോബര്‍ 16, 2016 ല്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ബലിദാനികളുടെ ലിസ്റ്റിലുള്ളത്. ലിസ്റ്റില്‍ 15 ാം സ്ഥാനത്താണ് ഇദ്ദേഹത്തിന്റെ പേര് ഉള്ളത്. എന്നാല്‍ സഹോദരിയെ പ്രദേശ വാസിയായ ഒരു യുവാവ് പ്രണയിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കാര്‍ത്തിക് രാജ് കൊല്ലപ്പെട്ടതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാമനപൂജാരി, മൂഡബദ്രി
സെപ്തംബര്‍ 20 ന് വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടതായാണ് ലിസ്റ്റില്‍. എന്നാല്‍ വാമന പൂജാരി
ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് തന്റെ മകളുടെ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്്.

രാജു, മടിക്കേരി
2015 നവംബര്‍ 10 ന് ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍.

ഡികെ കുട്ടപ്പ, മടിക്കേരി
2015 നവംബര്‍ 15 ന് ടിപ്പു ജയന്തി ആഘോഷത്തിനിടയില്‍ മടിക്കേരിയില്‍ വെച്ച് ഡി കെ കുട്ടപ്പ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി വാദം. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്നതിനിടെ അബദ്ധത്തില്‍ ഓവു ചാലില്‍ വീണാണ് ഇദ്ദേഹ മരണപ്പെട്ടതെന്നാണ് രേഖകളില്‍.

വെങ്കിടേഷ്, ഷിമോഗ
ലിസ്റ്റില്‍ 13 ാം സ്ഥാനത്താണ് വെങ്കിടേഷിന്റെ പേരുള്ളത്. എന്നാല്‍ ഇദ്ദേഹം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

രമേഷ് ബണ്ഡി, ബല്ലാരി
ബിജെപി പ്രവര്‍ത്തകനായ രമേഷ് ബണ്ഡി 2017 ജൂണ്‍ 6 ല്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് പാര്‍ട്ടിയുടെ വാദം. എന്നാല്‍ വ്യക്തപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രമേഷ് ബണ്ഡി കൊല്ലപ്പെട്ടതെന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണങ്ങളില്‍ വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here